മുഖ്യവിവരാവകാശ കമ്മീഷണറും മുൻ ചീഫ് സെക്രട്ടറിയുമായ വിശ്വാസ് മേത്തയുടെ ആത്മകഥയായ അതിജീവനം രാജഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രകാശനം ചെയ്തു. വരും തലമുറയ്ക്ക് ‘അതിജീവനം’ പ്രചോദനമാകുമെന്ന് ഗവർണർ പറഞ്ഞു. സിവിൽ സർവീസ് മേഖലയിലേക്ക് കടന്നു വരുന്ന യുവ ഐ. എ. എസുകാർക്ക് ഈ പുസ്തകം വഴികാട്ടിയാകും. മറ്റു ഭാഷകളിലേക്ക് പുസ്തകം തർജ്ജമ ചെയ്യണമെന്നും ഗവർണർ പറഞ്ഞു.

കർമഭൂമിയായ കേരളത്തിലെ അനുഭവങ്ങളും കാഴ്ചകളുമാണ് പുസ്തകത്തിൽ പങ്കുവയ്ക്കുന്നതെന്ന് വിശ്വാസ്‌മേത്ത പറഞ്ഞു. രാജസ്ഥാനിലെ പിന്നാക്ക ജില്ലയിൽ നിന്ന് കേരളത്തിലെത്തിയ കഥയും തുടർന്നുള്ള ജീവിതവും ഇതിൽ പരാമർശിച്ചിരിക്കുന്നു. മലയാളം പഠിച്ചതും സെക്രട്ടേറിയറ്റിൽ സ്‌കൂട്ടറിലെത്തിയതും അദ്ദേഹം ഓർമിച്ചു.

ചീഫ് സെക്രട്ടറി ഡോ. വി. വേണു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മുൻ ചീഫ് സെക്രട്ടറി ടോം ജോസ്, സുഹൃത്തുക്കളും മുൻ ഡിജിപിമാരുമായ ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ്, മാതൃഭൂമി ന്യൂസ് എഡിറ്റർ രാജീവ് ദേവരാജ്, വിശ്വാസ് മേത്തയുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.