സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് സര്‍വ്വ കക്ഷി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആവാസ വ്യവസ്ഥയുടെ പുനക്രമീകരണം, നഷ്ടപരിഹാരം വര്‍ധിപ്പിക്കല്‍, അന്തര്‍സംസ്ഥാന ഏകോപനം എന്നിവ നടപ്പാക്കണമെന്നും ടി. സിദ്ദിഖ് എം.എല്‍.എ ആവശ്യപ്പെട്ടു. യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും നോഡല്‍ ഓഫീസര്‍ വഴി തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ വെളിച്ചത്ത്‌കൊണ്ടുവരണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

കാടിനെയും നാടിനെയും വേര്‍തിരിക്കാന്‍ ജനകീയവും ശാസ്ത്രീയവും പ്രായോഗികവുമായി സംവിധാനം ഉണ്ടാകണം. ഫെന്‍സിംഗ് നിര്‍മ്മാണത്തില്‍ എം.എല്‍.എമാരുടെ ഫണ്ട് ഉപയോഗപ്പെടുത്താന്‍ ധനകാര്യ വകുപ്പുമായി ആലോചനകള്‍ നടത്തണമെന്ന ആവശ്യവും സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്നു. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും കര്‍ഷകര്‍ക്കുമുള്ള നഷ്ടപരിഹാരം കാലോചിതമായി വര്‍ധിപ്പിക്കണം. നഷ്ടപരിഹാരത്തുക സമയബന്ധിതമായി നല്‍കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതല കോര്‍ കമ്മിറ്റികളും ജാഗ്രതാ സമിതികളും രൂപീകരിക്കണം. വനാതിര്‍ത്തികളില്‍ ലൈറ്റിംഗ് സംവിധാനം വേണം. സെന്ന ഉള്‍പ്പെടെയുള്ള അധിനിവേശ സസ്യങ്ങള്‍ പുനരുപയോഗം ചെയ്യാനാകണം. തേക്ക്, യൂക്കാലി, അക്വേഷ്യ തുടങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വനം നട്ടുപിടിപ്പിക്കുക. വന്യമൃഗങ്ങളുടെ എണ്ണം, നിലനില്‍പ്പ് തുടങ്ങിയക്കായി കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ശാസ്ത്രീയ പഠനം നടത്തണം. പന്നിയെ ക്ഷുദ്രജീവിയായി പരിഗണിച്ച് വെടിവെച്ച് കൊല്ലുന്നതിന് അനുവാദം നല്‍കണം.

വന്യമൃഗങ്ങളെ റബ്ബര്‍ ബുള്ളറ്റ് വച്ച് ഓടിക്കാന്‍ അനുവാദം നല്‍കണം. വന നിയമം കാലോചിതമായി പരിഷ്‌കരിക്കണം. ആന,കടുവ ഉള്‍പ്പെടെ പിടികൂടുന്ന വന്യമൃഗങ്ങളെ ജനപ്രതിനിധികളുടെ മുന്‍പാകെ കാട്ടില്‍ തുറന്നു വിടണം. വന്യമൃഗങ്ങളെ പിടികൂടുന്നതിനുള്ള കൂട് വയ്ക്കാന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് അവകാശം നല്‍കണം. സ്വയംരക്ഷയ്ക്ക് തോക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് അനുവാദം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു. അടിയന്തര സാഹചര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് നോഡല്‍ ഓഫീസര്‍ക്കോ ജില്ലാ കളക്ടര്‍ക്കോ അധികാരം നല്‍കണം.

സര്‍വ്വകക്ഷി യോഗത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാരുടെ യോഗവും ചേര്‍ന്നു. സര്‍വകക്ഷിയോഗത്തില്‍ വനംവന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, എം എല്‍ എമാരായ ഒ ആര്‍ കേളു, ടി സിദ്ദിഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, എ.ഡി.എം.കെ ദേവകി, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയപ്രസാദ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി.പുകഴേന്തി, ഫോറസ്റ്റ് സ്പെഷ്യല്‍ ഓഫീസര്‍ വിജയാനന്ദന്‍, ജില്ലാ പൊലിസ് മേധാവി ടി നാരായണന്‍, ഡി.എഫ്.ഒ ഷജ്ന കരീം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.