കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കായിക താരങ്ങൾക്ക് നിലവിൽ അഞ്ചു വർഷം കൂടുമ്പോഴാണ് സർക്കാർ ജോലിക്കായുള്ള റിക്രൂട്ട്മെൻ്റ് നടത്തുന്നത്. ഇത് വർഷം തോറും നടത്തുന്നത് പരിഗണിക്കും. കായിക താരങ്ങൾക്ക് വേണ്ടി ഒട്ടനവധി പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സ്ത്രീ സദസ്സിൽ കായിക താരങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

കേരളത്തിൽ കൂടുതൽ സിന്തറ്റിക് ട്രാക്കുകൾ കൊണ്ടുവരണമെന്ന് ഒളിമ്പ്യൻ ഷൈനി വിൽസൺ ആവശ്യപ്പെട്ടു. കായിക താരങ്ങൾക്ക് നല്ല രീതിയിൽ പ്രോത്സാഹനം നൽകണം. അതിനായി കൂടുതൽ കായിക അധ്യാപകരെ നിയമിക്കണമെന്നും അവർ പറഞ്ഞു.

അഞ്ചുവർഷം കൂടുമ്പോഴാണ് നിലവിൽ കായികതാരങ്ങൾക്കുള്ള റിക്രൂട്ട്മെന്റുകൾ നടത്തുന്നത്.ഇത് എല്ലാവർഷവും നടത്തണമെന്ന് മുൻ കായിക താരം മേഴ്സിക്കുട്ടൻ സ്ത്രീ സദസ്സിൽ പറഞ്ഞു. ചാമ്പ്യൻഷിപ്പുകളിൽ ഉത്തേജകമരുന്നുകളുടെ ഉപയോഗം വൻതോതിൽ വർദ്ധിച്ചുവരുന്നതിനാൽ കഴിവുള്ള കുട്ടികൾ തഴയപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നു. ഇത് തടയാൻ പരിശോധനകൾ ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

കേരളത്തിലെ സ്പോർട്സ് ഹോസ്റ്റലുകൾ നവീകരിക്കണമെന്ന് കായിക താരം എം.ഡി വത്സമ്മ ആവശ്യപ്പെട്ടു. ദേശീയ, അന്തർദേശീയ താരങ്ങളെ വളർത്തുക എന്ന ലക്ഷ്യത്തിൽ കേരളമാണ് ആദ്യമായി സ്പോർട്സ് ഹോസ്റ്റൽ തുടങ്ങിയതെന്നും അവർ പറഞ്ഞു.