ചിറ്റിലപ്പിള്ളിയിലെ നീലത്ത് വീട്ടിൽ 72കാരനായ രവീന്ദ്രൻ്റെ ജീവിതാഭിലാഷമാണ് തേക്കിൻകാട് മൈതാനിയിൽ നടന്ന സംസ്ഥാനതല പട്ടയമേളയിൽ മുഖ്യമന്ത്രിയിൽ നിന്ന് പട്ടയം ഏറ്റുവാങ്ങിയതോടെ സഫലമായിരിക്കുന്നത്. കന്നുകാലി മേച്ചിൽ പുറമായ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻ്റെ ഭൂമി റവന്യൂ വകുപ്പിന് ഡീവേസ്റ്റ് ചെയ്തു നൽകിയാണ് രവീന്ദ്രന് പുറമ്പോക്ക് പട്ടയം നൽകിയിരിക്കുന്നത്.
1970 മുതൽ രവീന്ദ്രൻ്റെ മാതാപിതാക്കളായി പട്ടയമില്ലാതെ ആ ഭൂമിയിൽ ജീവിക്കുകയായിരുന്നു. അവിവിവാഹിതനായ രവീന്ദ്രന് സഹോദരന്മാരും സഹോദരികളുമാണ് ഉള്ളത്. അടുത്തിടെ ഉണ്ടായ അപകടത്തിൽ കാലിന് പരിക്ക് പറ്റിയ രവീന്ദ്രൻ ഊന്നുവടിയുടെ സഹായത്തോടെയാണ് നടക്കുന്നത്. രവീന്ദ്രന് മറ്റ് വരുമാന മാർഗങ്ങളൊന്നുമില്ല. കൂടപ്പിറപ്പുകളെ മാത്രം ആശ്രയിച്ച് കഴിയുന്ന രവീന്ദ്രൻ കാത്തിരിപ്പിനൊടുവിൽ സ്വന്തം ഭൂമിയുടെ അവകാശിയായ ആഹ്ലാദത്തിലാണ്. രവീന്ദ്രൻ്റെ പതിനാലര സെൻ്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്.