മാടക്കത്തറ വില്ലേജിലെ മടപ്പാട്ടുപറമ്പിൽ വീട്ടിൽ 76 വയസുകാരിയായ ലക്ഷ്മി അമ്മയുടെ കാത്തിരിപ്പിന് വിരാമമായി. ഏറെക്കാലമായി തന്റെ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചെങ്കിലും പട്ടയം കിട്ടാത്തതിൻ്റെ വിഷമത്തിലായിരുന്നു. എന്നാൽ സംസ്ഥാനതല പട്ടയ മേളയിൽ മുഖ്യമന്ത്രിയുടെ കയ്യിൽ നിന്ന് നേരിട്ട് പട്ടയം വാങ്ങിയതിന്റെ സന്തോഷത്തിലാണ് ലക്ഷ്മി അമ്മ.
പണ്ടുമുതലേ കൈവശമുള്ള ഭൂമി തന്റെ പേരിൽ അല്ല എന്ന സങ്കടത്തിലായിരുന്ന അമ്മ ഇന്ന് പേരക്കുട്ടിയുടെ കൈപ്പിടിച്ചാണ് പട്ടയ വേദിയിൽ എത്തിയത്. ലക്ഷ്മിയമ്മയും മരിച്ച ഭർത്താവ് രാമനും കാലങ്ങളായി ആ ഭൂമിയിൽ വീട് വെച്ച് താമസിക്കുകയായിരുന്നു. ആ ഭൂമിയിലാണ് അവർ കൂലിപണിയെടുത്ത് ജീവിതം പടുത്തുയർത്തുയർത്തിയും നാല് പെൺമക്കളുടെയും മകൻ്റെയും വിവാഹത്തിന് സാക്ഷ്യം വഹിച്ചതും.
മകൻ്റെ കൂടെയാണ് താമസമെങ്കിലും സ്വന്തം ഭൂമിയ്ക്ക് പട്ടയം ലഭിക്കാത്തത് ലക്ഷ്മി അമ്മയുടെ മനസിലെ തീരാ വേദനയായിരുന്നു. പട്ടയം ലഭിച്ചതോടെ ജീവിച്ചിരുന്ന ഭൂമിയുടെ അവകാശിയായെന്ന സന്തോഷം ഉദ്യോഗസ്ഥരോട് പങ്കുവെക്കാനും അവരോട് നന്ദി പറയാനും ലക്ഷ്മിയമ്മ മറന്നില്ല…