ഗുരുവായൂരിലെ വടക്കേക്കാട് പൂളത്ത് വീട്ടില്‍ രവിയ്ക്ക് ഇനി ആശ്വാസമായി തല ചായ്ക്കാം. മുപ്പത് വര്‍ഷത്തിലേറെയായി താമസിക്കുന്ന സ്വന്തം ഭൂമിക്ക് പട്ടയമെന്ന സ്വപ്നമാണ് സംസ്ഥാനതല പട്ടയമേളയില്‍ സാക്ഷാത്കരിച്ചത്. ചെറിയ പണം നല്‍കി തലചായ്ക്കാന്‍ ഒരു വീടിന് വേണ്ടിയാണ് എഴുപത്തഞ്ചുക്കാരന്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ച് സെന്റ് ഭൂമി വാങ്ങിയത്. പണം നല്‍കി ഭൂമി വാങ്ങുമ്പോള്‍ രേഖകളെല്ലാം കൊടുക്കാമെന്നായിരുന്നു ഭൂവുടമ പറഞ്ഞിരുന്നത്. പിന്നീട് രേഖകള്‍ ചോദിച്ചപ്പോള്‍ കൂടുതല്‍ പണം വേണമെന്നായി. പിന്നീട് രവിയ്ക്ക് അറിയിപ്പ് വരുമ്പോളാണ് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണിതെന്ന് മനസ്സിലായത്.

പത്ത് വര്‍ഷത്തോളമായി രവി സ്വന്തം ഭൂമിക്ക് വേണ്ടിയുള്ള പട്ടയത്തിനായി ശ്രമിക്കുന്നു. പിന്നീട് പഞ്ചായത്തിലും വില്ലേജിലും അന്വേഷിച്ച് റവന്യൂ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചു. പിന്നാലെ അന്വേഷണം നടത്തി പട്ടയം കൊടുക്കാനുള്ള നടപടികളിലേക്ക് എത്തുകയായിരുന്നു. രവിയ്ക്ക് ഇനി ആത്മവിശ്വാസത്തോടെ ജീവിക്കാം ഭാര്യയും മൂന്ന് മക്കളോടുമൊത്ത്.