കുടുംബ ബന്ധങ്ങളിലും സാമൂഹിക ബന്ധങ്ങളിലും മനുഷ്യര്‍ക്കിടയില്‍ വലിയ അകല്‍ച്ച ഉണ്ടാകുന്നതായി വനിതാ കമ്മിഷന്‍ അംഗം അഡ്വ.പി.കുഞ്ഞായിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. വനിതാ കമ്മിഷന്റെ മുമ്പാകെ വരുന്ന പല പരാതികളും സൗഹൃദപരമായ അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ പരസ്പരം കൈമാറ്റപ്പെടുന്ന ഭൗതീകമായ ഇടപാടുകളുടെ പേരില്‍ പിന്നീട് ഉണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചാണ്.

ഇത്തരം ഇടപാടുകള്‍ കുടുംബപരമായ അകല്‍ച്ചയിലേക്കും സാമൂഹ്യപരമായ അകല്‍ച്ചയിലേക്കും എത്തുന്നതായും കാണുന്നു. മാതാപിതാക്കളുടെ ഭൗതികമായ സ്വത്തുക്കള്‍ കൈവശപ്പെടുത്തി, അതിനുശേഷം വാര്‍ദ്ധക്യത്തിലേക്ക് എത്തുന്ന മാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ പലപ്പോഴും മക്കള്‍ തയാറാവാത്ത പ്രശ്‌നം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരം പരാതികള്‍ കൂടി വരുന്നുണ്ട്. കുടുംബബന്ധങ്ങള്‍ ദൃഢപ്പെടുത്തുന്നതിന് സാമൂഹ്യ ബോധവത്ക്കരണം അനിവാര്യമായ ഒരു ഘടകമാണ് . ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നിടത്ത് സ്ത്രീകള്‍ മാനസികമായും ശാരീരികമായും പ്രശ്‌നങ്ങളെ നേരിടുന്നു. അതുകൊണ്ടുതന്നെ ഇത്തരം സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വനിതാ കമ്മിഷന്‍ മുന്‍കൈയെടുക്കും.

സമൂഹത്തിലെ സന്നദ്ധ സംഘടനകളെയും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തിക്കൊണ്ട് ശക്തമായ ബോധവത്ക്കരണ പരിപാടി നിലവില്‍ നടന്നുവരുന്നത് ശക്തിപ്പെടുത്തും. ഇതിനു പുറമേ കൂടുതല്‍ ബോധവത്ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു. അദാലത്തില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതിയിന്മേല്‍ റിപ്പോര്‍ട്ട് തേടി. ഒരു പരാതിയില്‍ കൗണ്‍സിലിംഗ് നിര്‍ദേശിച്ചു. 18 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. ആകെ 24 പരാതികളാണ് പരിഗണിച്ചത്.