പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആയമ്പാറ ജി യു പി സ്‌കൂളില്‍ നിര്‍മിച്ച പ്രീ സ്‌കൂള്‍, പുരാവസ്തു പുരാരേഖ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന ഗാന്ധി ദര്‍ശനം അക്ഷരംപ്രതി നടപ്പിലാക്കിയത് കൊണ്ടാണ് സംസ്ഥാനത്തിന് വിദ്യാഭ്യാസരംഗത്ത് സമഗ്ര പുരോഗതി കൈവരിക്കാന്‍ സാധിച്ചതെന്ന് മന്ത്രി പറഞ്ഞു. ഒരു ക്ലാസ് മുറിയില്‍ നിന്നാണ് ഒരു രാജ്യം ജന്മം എടുക്കുന്നത്. ക്ലാസ് മുറികളും അധ്യാപകരുമാണ് കുട്ടികളെ സൃഷ്ടിച്ച് എടുക്കുന്നത്. നല്ല ചിന്തകള്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളേയും മുറുകെ പിടിക്കുന്ന വിദ്യാഭ്യാസ മേഖലയാണ് നമ്മള്‍ ശക്തിപ്പെടുത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. എസ്എസ്‌കെ ഡിപിഒ രഞ്ജിത്ത് പദ്ധതി വിശദീകരിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാര്‍ത്യായനി കൃഷ്ണന്‍, നമ്പര്‍ ലതാ രാഘവന്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എം സുനില്‍കുമാര്‍, ബേക്കല്‍ ബിപിസി കെഎം ദിലീപ് കുമാര്‍, ബേക്കല്‍ ബിആര്‍സി ട്രെയിനര്‍ സനില്‍കുമാര്‍ വെള്ളുവ, പിടിഎ പ്രസിഡണ്ട് കെ മധു, എംപിടിഎ പ്രസിഡണ്ട് ശാലിനി സതീശന്‍, വികസന സമിതി ചെയര്‍മാന്‍ എം മോഹനന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഘടന ചെയര്‍മാന്‍ നാരായണന്‍ കാപൃ, സ്റ്റാഫ് സെക്രട്ടറി കെ എന്‍ പുഷ്പ, എസ് ആര്‍ ജി കണ്‍വീനര്‍ കെ രജനി തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ എം ദിവാകരന്‍ സ്വാഗതവും പ്രീ പ്രൈമറി അധ്യാപക എംകെ ബേബി ശ്രീജ നന്ദിയും പറഞ്ഞു.

പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു കളിയൂഞ്ഞാല്‍

പ്രകൃതിയുടെ ഊഷ്മളത നിറഞ്ഞ ഉദ്യാനവും, പാര്‍ക്കും ആയമ്പാറ ജി യു പി സ്‌കൂളിലെ കുരുന്നുകള്‍ക്ക് സമ്മാനിക്കുന്നത് വേറിട്ട അനുഭവമാണ്. കുട്ടികളുടെ പഠനത്തിനൊപ്പം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രീ സ്‌കൂള്‍ കെട്ടിടം കളിയൂഞ്ഞാല്‍ നിര്‍മ്മിച്ചിട്ടുള്ളത്.

നാല് ക്ലാസ് മുറികകള്‍ അടങ്ങുന്ന ഒരു ഹാളും,ഭാഷായിടം, വരയിടം, ഗണിതയിടം, കുഞ്ഞരങ്ങ്, ശാസ്ത്രയിടം, കളിയിടം, ഹരിതയിടം, നിര്‍മാണയിടം എന്നിങ്ങനെ 13 ഇടങ്ങളും വിദ്യാര്‍ത്ഥികളുടെ സമഗ്രഭൗതിക വളര്‍ച്ചയ്ക്കായി വിദ്യാലയത്തില്‍ ഒരുക്കിയിട്ടുണ്ട്. സ്‌കൂളിന്റെ പരിസരവും കിണറുകളും കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ശിശു സൗഹൃദമാണ്. പ്രീ പ്രൈമറി ക്ലാസ് മുറികളുടെ പിന്‍വശത്ത്
കുട്ടികള്‍ക്കു മാത്രമല്ല നാട്ടുകാര്‍ക്ക് കൂടി ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ജൈവവൈവിധ്യം പാര്‍ക്ക് ഒരുക്കിയിട്ടുള്ളത് കൂടാതെ നിറയെ കളി ഉപകരണങ്ങളും വിവിധ മാതൃകകളും, കൃത്രിമ വെള്ളച്ചാട്ടവും ഏറുമാടവുമൊക്കെ കുട്ടികളില്‍ കൗതുകം ഉണര്‍ത്തുന്നവയാണ്.

ക്ലാസ് റൂമുകളുടെ ഭിത്തികളും പെയിന്റിംഗ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. 41.5 ലക്ഷം രൂപ ചെലവിലാണ് കളിയൂഞ്ഞാല്‍ ഒരുക്കിയിട്ടുള്ളത്. 10 ലക്ഷം രൂപയാണ് സ്റ്റാര്‍സ് പദ്ധതിയ്ക്കായി അനുവദിച്ചത്.പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപയും, എസ് എസ് കെ മെയിന്റനന്‍സ് ഫണ്ട് 1.5 ലക്ഷം രൂപയും, സ്‌കൂള്‍ വികസന സമിതി 10 ലക്ഷം രൂപയും, എന്‍ആര്‍ഇജിഎസ് ഫണ്ട് 15 ലക്ഷം രൂപയും പദ്ധതിക്കായി ചിലവഴിച്ചു.