സ്വന്തം വീട് എന്നത് ഓരോ പൗരന്റെയും അവകാശമാണെന്നും അത് ആരും അവര്‍ക്ക് നല്‍കുന്ന ഔദാര്യമല്ലെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം കുന്നുകര ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 50 വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലൈഫ് മിഷന്‍ വഴി നിര്‍മ്മിച്ചു നല്‍കുന്ന വീടുകളില്‍ സര്‍ക്കാരിന്റെയോ പദ്ധതിയുടെയും പേര് വിവരങ്ങള്‍ ഒന്നും പ്രദര്‍ശിപ്പിക്കുന്നില്ല. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വീടുകളില്‍ ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്തണം എന്ന് പറയുന്നത് പൗരന്റെ ആത്മാഭിമാനത്തെ തടസപ്പെടുത്തുന്നതാണ്. കേരളം 4 ലക്ഷം രൂപ ലൈഫ് മിഷന്‍ പദ്ധതി വഴി ഒരു വീടിന്റെ നിര്‍മ്മാണത്തിന് നല്‍കുമ്പോള്‍ 72000 രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഒരു വീടിന് നല്‍കുന്നത്. ലൈഫ് മിഷന്‍ പദ്ധതി വഴി 3.75 ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിനായി.

ഭവനരഹിതരില്ലാത്ത, ഭൂരഹിതരില്ലാത്ത കേരളം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലൈഫ് മിഷന്‍ പദ്ധതിയുമായി ചേര്‍ന്ന് കുന്നുകരയില്‍ 50 വീടുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹകരിച്ച കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, അര്‍ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കുന്നുകര, കരുമാലൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ 50 വര്‍ഷത്തേക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിനുള്ള കുടിവെള്ള പദ്ധതി ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ജലസംഭരണി 20 എം.എല്‍.ഡിയായി ഉയര്‍ത്തും. അയിരൂര്‍ സ്‌കൂളിന് പശ്ചാത്തല സൗകര്യ വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.