അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 27 സംസ്ഥാനങ്ങളുടെ മുന്നൂറിലധികം ജില്ലകളിലായി 554 റെയില്‍വേ സ്റ്റേഷനുകളുടെയും 1500 മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും ശിലാസ്ഥാപന ചടങ്ങും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 40,000 കോടി രൂപയുടെ പദ്ധതിക്കാണ് രാജ്യത്ത് തുടക്കം കുറിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. കാസര്‍കോട് ജില്ലയില്‍ ഏഴു പദ്ധതികളാണ് നടപ്പിലാക്കുന്നത്.

സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ രാജ്യത്തെ ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്കാണ് പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴില്‍ അവസരങ്ങളും ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

44.12 കോടി രൂപയാണ് കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന്റ് നിര്‍മാണപ്രവൃത്തിക്കായി അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് റെയില്‍വേ പ്ലാറ്റ് ഫോമിന് കുറുകെ കടന്നുപോകുന്ന റോഡുള്ള ഏക ക്രോസിങ്ങാണ് കോട്ടിക്കുളത്തേത്.  കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി.

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ ഉദുമ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍ സംസാരിച്ചു. സി.ഡി.ഒ ബി.മനോജ് സ്വാഗതവും സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ രഞ്ജിത്ത് കുമാര്‍ നീലായി നന്ദിയും പറഞ്ഞു. ചടങ്ങിന് മുന്നോടിയായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. കലാകാരന്മാര്‍ക്ക് എംപി സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.