എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രഥമ പരിഗണനയാണ് സാമൂഹിക നീതി വകുപ്പ് നല്‍കുന്നത്; മന്ത്രി ഡോ.ആര്‍.ബിന്ദു

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് പ്രഥമ പരിഗണനയാണ് സാമൂഹിക നീതി വകുപ്പ് നല്‍കുന്നതെന്നും പുനരധിവാസ ഗ്രാമം ആദ്യ ഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യുമ്പോള്‍ സര്‍ക്കാരിനും വകുപ്പിനും അത് അഭിമാന മുഹൂര്‍ത്തമാണെന്നും ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. മുളിയാര്‍ മുതലപ്പാറയില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമം ‘സഹജീവനം സ്നേഹ ഗ്രാമം’ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രി ഭിന്നശേഷിക്കാരുമായി നടത്തിയ മുഖാമുഖം പരിപാടിയില്‍ കുടുംബശ്രീ മാതൃകയില്‍ ഭിന്നശേഷിക്കാരുടെ സ്വാശ്രയ സംഘങ്ങളുടെ ശൃംഖല രൂപീകരിക്കുന്ന പദ്ധതി അവതരിപ്പിച്ചിരുന്നു. ആ പദ്ധതിയുടെ ഉദ്ഘാടനം കാസര്‍കോട് ജില്ലയില്‍ നടത്തണമെന്നും ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിന്റെ തുടക്കം കാസര്‍കോട് നിന്ന് തന്നെയാകണം എന്നും മന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ സുപ്രീം കോടതി വിധി പ്രകാരം ദുരിതബാധിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കിയതുള്‍പ്പെടെ 456,19,38,884 രൂപയുടെ പദ്ധതികളാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു. പുനരധവാസ കേന്ദ്രത്തിന്റെ ആദ്യ ഘട്ടത്തില്‍ കണ്‍സള്‍ട്ടിങ് ആന്റ് ഹൈഡ്രോ തെറാപ്പി ബ്ലോക്ക്, ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക് എന്നിവയാണ് ഒരുക്കിയത്. എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ വേണ്ടി മെഡിക്കല്‍ ക്യാമ്പ് നടത്താനുള്ള പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിരന്തരം ചര്‍ച്ചകള്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ അടുത്ത ഘട്ടം വേഗത്തില്‍ പൂര്‍ത്തീകരിക്കും എന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികള്‍ക്ക് ഇന്ദ്രിയങ്ങളുടെ ലോകത്തെ അറിയാന്‍ കഴിയുന്ന കളിയുപകരണങ്ങള്‍ നിറഞ്ഞ സെന്‍സറി പാര്‍ക്ക് സ്ഥാപിക്കും. ചൂട് കൂടിയ പ്രദേശത്ത് ആവശ്യമായ തണല്‍ മരങ്ങളും ജില്ലാപഞ്ചായത്ത് നല്‍കും എന്ന് അറിയിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ 2 ന്യൂറോളജിസ്റ്റ് തസ്തികകളും പരിശോധന സൗകര്യങ്ങളും കാത്ത് ലാബ് സൗകര്യവും അമ്മയും കുഞ്ഞും ആശുപത്രിയും അനുവദിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളജിന് കിഫ്ബി പദ്ധതിയില്‍ 150 കോടി അനുവദിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ ഭിന്നശേഷിക്കാര്‍ക്കായി ആഗ്യ ഭാഷയില്‍ പ്രസംഗങ്ങള്‍ അറിയിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.

ചടങ്ങില്‍ അഡ്വ.സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ പദ്ധതി വിശദീകരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ ഇ.ചന്ദ്രശേഖരന്‍, എ.ഡി.എം കെ.വി.ശ്രുതി, പ്ലാനിങ് ആന്റ് എക്കണോമിക് അഫയേഴ്‌സ് സ്‌പെഷ്യല്‍ സെക്രട്ടറി ഷൈനി ജോര്‍ജ്ജ് എന്നിവര്‍ വിശിഷ്ടാതിഥികളായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി.മിനി, ബി.കെ.നാരായണന്‍ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ സ്വാഗതവും ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്യ പി. രാജ് നന്ദിയും പറഞ്ഞു.