വടക്കാഞ്ചേരി നഗരസഭയെ സ്വരാജ് ട്രോഫിയില്‍ രണ്ടാം സ്ഥാനവും തൊഴിലുറപ്പ് പദ്ധതിയില്‍ ഒന്നാം സ്ഥാനവും നേടുന്നതിന് പ്രവര്‍ത്തിച്ച വിജയശില്‍പികളെ റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ആദരിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളുള്‍പ്പടെ സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും പൈലറ്റ് ആയി പ്രവര്‍ത്തിക്കാന്‍ വടക്കാഞ്ചേരി നഗരസഭയ്ക്ക് കഴിഞ്ഞു. അതിദാരിദ്ര്യം ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭ ആരംഭിച്ച് എട്ടു വര്‍ഷത്തിൽ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും അംഗീകാരങ്ങളുമായി മാതൃകയാവുകയാണ് വടക്കാഞ്ചേരി നഗരസഭ. 2021 -22 വര്‍ഷത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന മികവിന് നല്‍കുന്ന സ്വരാജ് ട്രോഫിയില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന്റെ മികവിന് സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. 2022 -23 വര്‍ഷത്തിലും ഈ അംഗീകാരങ്ങള്‍ നിലനിര്‍ത്തി. വിജയങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അനുമോദിക്കുന്നതിനായി സമാദരണീയം 24 എന്ന പേരില്‍ വടക്കാഞ്ചേരി അനുഗ്രഹ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു.
സേവ്യര്‍ ചിറ്റിലപ്പിള്ളി എം എല്‍ എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഒ ആര്‍ ഷീല മോഹന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അനൂപ് കിഷോര്‍, എ എം ജമീലാബി, കെ എം സ്വപ്ന, കൗണ്‍സിലര്‍മാര്‍, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.