കലാലയ ജീവിതത്തിൽ സംരംഭകത്വം എന്ന ആശയം വളർത്തിയെടുത്ത് യുവ സംരംഭക തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ചേലക്കര ഗവ. പോളിടെക്നിക് കോളേജിൽ നൂതന സംരംഭകത്വ ആശയരൂപീകരണം മുതൽ അതിന്റെ സാധ്യതാ പരിശോധന, വിവിധ ആക്ടിവിറ്റികളും സെഷനുകളും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച ഏകദിന സംരംഭകത്വ വികസന പരിപാടി ‘വെഞ്ച്വർ ഫോർജ്’ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷ്റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാത്ഥിയായിരുന്നു.

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സഹകരണത്തോടെ കളമശ്ശേരി എറണാകുളത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് ചേലക്കര നിയോജക മണ്ഡലത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയാണ് ഏകദിന സംരംഭകത്വ വികസന പരിപാടിയായ വെഞ്ച്വർ ഫോർജ് പുതുതലമുറയിലെ യുവ സംരംഭകർക്കായി നടത്തിയത്.
തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ്. ഷീബ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ പത്മജ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ദീപാ എസ്. നായർ, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ മായ, കോളേജ് മെക്കാനിക്കൽ ഡിപ്പാർട്ട്മെൻ്റ് ഹെഡ് സി. സജിത്, താലൂക്ക് വ്യവസായ ഓഫീസ് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ ജെ. ദീപു തുടങ്ങിയവർ സംസാരിച്ചു.