സുസ്ഥിര വികസനത്തിന്‌ ഊർജ്ജ സംരക്ഷണം അനിവാര്യം :മന്ത്രി കെ കൃഷ്ണൻകുട്ടി

കേരളത്തിന്റെ സുസ്ഥിര വികസനത്തിന്‌ ഊർജ്ജസംരക്ഷണവും ഊർജ്ജ കാര്യക്ഷമതയും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് വൈദ്യുതി വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടി. ഓരോ വീടുകളിലും സ്ഥാപനങ്ങളിലും ഊർജ്ജ കാര്യക്ഷമതയുള്ള,വൈദ്യുതി ഉപഭോഗം കുറഞ്ഞ ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും വരുന്ന രണ്ട് മാസം ഊർജ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മന്ത്രി കൂട്ടിചേർത്തു. ഊർജകിരൺ സമ്മർ ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വർധിച്ചുവരുന്ന വൈദ്യുതി ഉപയോഗം കണക്കിലെടുത്ത് സംസ്ഥാനത്തുടനീളം പൊതുജന ബോധവത്ക്കരണ പരിപാടിയായിട്ടാണ് ഊർജ്ജകിരൺ സമ്മർ ക്യാമ്പയിൻ സംഘടിപ്പിച്ചത്. എനർജി മാനേജ്മെന്റ് സെന്ററും കെ.എസ്.ഇ.ബി. യും സംയുക്തമായി നടത്തുന്ന ഊർജ്ജ കിരൺ സമ്മർ ക്യാമ്പയിൻ കെ.എസ്.ഇ.ബിയുടെ സെക്ഷൻ ഓഫീസുകൾ വഴിയാണ് പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത്. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായിട്ടാണ് കേരളത്തിലുടനീളം ബോധവത്ക്കരണ പരിപാടി നടക്കുക.

കഴക്കൂട്ടം സെന്റ് ആന്റണീസ് സ്കൂളിൽ നടന്ന പരിപാടിയിൽ കടകംപളളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇ.എം.സി ഡയറക്‌ടർ ഡോ.ആർ ഹരികുമാർ,കെ.എസ്.ഇ. ബി ചീഫ് എഞ്ചിനീയർ വി. എൻ പ്രസാദ്, സ്കൂൾ ഹെഡ് മാസ്റ്റർ ജി.മനോജ്‌കുമാർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു .