കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ ആവുക്കുളം അയ്യങ്കാളി നഗർ ആരോഗ്യ കേന്ദ്രത്തിനായി നിർമിച്ച പുതിയ കെട്ടിടം കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു . കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിനാകെ മാതൃകയാണെന്ന് എം.എൽ.എ പറഞ്ഞു .സംസ്ഥാനത്തിന്റെ ആരോഗ്യനയം ജനാധിപത്യപരമാണെന്നും അതുകൊണ്ടാണ് കോവിഡ് മഹാമാരിയെ അതിജീവിക്കാൻ കേരളത്തിന്‌ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എൽ.എ ഫണ്ടിൽ നിന്നുള്ള 60 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി കെട്ടിടം നിർമിച്ചത്. 2,200 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടത്തിൽ കോൺഫറൻസ് റൂം,പരിശോധന മുറി , റിസപ്ഷൻ, വിശ്രമമുറി, ഭിന്നശേഷി സുഹൃദ ശുചിമുറികൾ എന്നിവയുണ്ട്.

ആവുക്കുളം ഹെൽത്ത് സെന്റർ അങ്കണത്തിൽ നടന്ന ചടങ്ങിൽ ചെല്ലമംഗലം വാർഡ് കൗൺസിലർ ഗായത്രി ദേവി അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പാങ്ങപ്പാറ ഐ.എഫ്,എച്ച്.സി അഡീഷണൽ മെഡിക്കൽ ഓഫീസർ ഡോ.അൽത്താഫ് എന്നിവരും പരിപാടിയിൽ ഉണ്ടായിരുന്നു.