കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജിൻ്റെ നിർമ്മാണം 2024ൽ തന്നെ പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. രണ്ടര വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തിലധികം പേർക്ക് പട്ടയം നൽകി. ഈ സർക്കാർ കാലയളവിനുള്ളിൽ അർഹരായ എല്ലാവരെയും ഭൂമിയുടെ ഉടമസ്ഥർ ആക്കാനാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
കേരള സർക്കാരിൻ്റെ 2023-24 പ്ലാൻ സ്റ്റീമിൽ ഉൾപ്പെടുത്തി 50 ലക്ഷം വിനിയോഗിച്ചാണ് കൂർക്കഞ്ചേരി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്.
കൂർക്കഞ്ചേരി വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷനായി. പി ബാലചന്ദ്രൻ എംഎൽഎ മുഖ്യാതിഥികളായി. എഡിഎം ടി മുരളി , ഡിവിഷൻ കൗൺസിലർ വിനീഷ് തയ്യിൽ, തൃശ്ശൂർ താലൂക്ക് ഓഫീസ് തഹസിൽദാർമാരായ സുനിത ജേക്കബ്, ജയശ്രീ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.