• ഗതാഗതം സുഗമമാക്കാൻ ജംഗ്ഷനുകൾ വികസിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
  • മനോഹരമാക്കി, വികസിപ്പിക്കുന്നതിനായി തിരഞ്ഞെടുത്ത 5 ജംഗ്ഷനുകളിൽ ഫറൂഖ് പേട്ടയും

ഗതാഗതം സുഗമമാക്കാൻ ജംഗ്ഷനുകൾ മനോഹരമാക്കി, വികസിപ്പിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫറോക്ക് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം പ്രവൃത്തി ഉദ്‌ഘാടനം ഫറോക്ക് ചുങ്കം ചെക്ക്പോസ്റ്റ് പരിസരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മനോഹരമാക്കിയശേഷം വികസിപ്പിക്കുന്നതിനായി സംസ്ഥാനത്തെ അഞ്ച് ജംഗ്ഷനുകളെ തിരഞ്ഞെടുത്തതിൽ ഒന്ന് ഫറൂഖ് പേട്ട ജംഗ്ക്ഷനാണെന്ന് മന്ത്രി അറിയിച്ചു. ഈ സർക്കാർ വന്നശേഷം ബേപ്പൂർ മണ്ഡലത്തിൽ 29 പദ്ധതികൾ പൂർത്തിയാക്കാൻ സാധിച്ചു. 18 ഓളം പ്രവൃത്തികൾ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി നിർവഹണത്തിന്റെ വിവിധ ഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂർ മണ്ഡലത്തെ ഭിന്നശേഷി സൗഹൃദമാക്കി പ്രഖ്യാപിച്ച് പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ മിനി സിവിൽ സ്റ്റേഷൻ കെട്ടിടം ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. 2025 അവസാനത്തോടെ പ്രവൃത്തി പൂർത്തീകരിക്കും.

സർക്കാർ സേവനങ്ങൾ അവകാശമായി പ്രഖ്യാപിച്ച നാടാണ് കേരളം. ഓഫീസുകളിൽ എത്തുന്ന ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണം. ഇവയെല്ലാം ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതികൾ ആവിഷ്കരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജനസൗഹാർദ്ദത്തോടെ വികസന പദ്ധതികൾ ആവിഷ്കരിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത്.

നാലു നിലകളിലായി നിർമ്മിക്കുന്ന ഫറോക്ക് മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ മൊത്തം വിസ്തൃതി 2026 ചതുരശ്ര മീറ്ററാണ്. കെട്ടിടത്തിൻ്റെ താഴെ നിലയിൽ പോർച്ച്, ഡ്രൈവേർസ് റൂം, ലോബി, ഇലക്ട്രിക്കൽ റൂം, ടോയ്ല‌റ്റുകൾ, ഭിന്നശേഷി സൗഹൃദ ടോയ്ല‌റ്റുകൾ എന്നിവ സജീകരിക്കും.

ഫറോക്ക് മുനിസിപ്പാലിറ്റി ചെയർമാൻ എൻ സി അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു.
എക്സി. എഞ്ചിനിയർ കെ പി വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. രാമനാട്ടുകര മുൻസിപ്പാലിറ്റി ചെയർപേഴ്‌സൺ ബുഷ്റ റഫീഖ്,സബ് കലക്ടർ ഹർഷിൽ കുമാർ മീണ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി സി രാജൻ, മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനിയർ സി കെ ഹരീഷ്‌കുമാർ സ്വാഗതവും അസി. എക്സി എഞ്ചിനിയർ എൻ ശ്രീജിത്ത് നന്ദിയും പറഞ്ഞു.