മുളക്കുഴ ഗ്രാമപഞ്ചായത്ത് പെരിങ്ങാല ഗവണ്‍മെന്റ് എസ്.വി.എല്‍.പി. സ്‌കൂള്‍ കെട്ടിടം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. സമീപ വര്‍ഷങ്ങളില്‍ പൊതു വിദ്യാലയങ്ങളില്‍ വലിയ ഉണര്‍വാണ് ഉണ്ടായിട്ടുള്ളത്. പാഠ്യപദ്ധതിയുടെ അതിരുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥികളെ ഒതുക്കി നിര്‍ത്താതെ അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവ വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു.

എല്ലാ സ്‌കൂളുകള്‍ക്കും പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന ആദ്യ മണ്ഡലമായി അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ചെങ്ങന്നൂര്‍ മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പൂര്‍ത്തീകരിക്കാനുള്ള ഏഴോളം സ്‌കൂള്‍ കെട്ടിടങ്ങളും ഈ കാലയളവില്‍ പൂര്‍ത്തീകരിക്കും. ഈ സര്‍ക്കാരിന്റെ കാലത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹൈടെക് സ്‌കൂളുകള്‍ കേരളത്തില്‍ നിര്‍മ്മിക്കാനായത് ഏറെ അഭിമാനം നല്‍കുന്നതാണ്. നാടിന്റെ വികസനത്തിന്റെ ഭാഗമായി ഹോമിയോ ആശുപത്രിക്കായി അഞ്ചുസെന്റ് സ്ഥലം വിട്ടുനല്‍കിയ പെരിങ്ങാല ബാലകൃഷ്ണന്റെ ഭാര്യ വിജയമ്മ ബാലകൃഷ്ണനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് രമ മോഹന്‍, ജില്ല പഞ്ചായത്തംഗം ഹേമലത മോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബീന ചിറമേല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. സദാനന്ദന്‍, പഞ്ചായത്തംഗം കെ.പി. പ്രദീപ്, കെ.എസ്.സി.എം.എം.സി. ചെയര്‍മാന്‍ എം.എച്ച്. റഷീദ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് പി. ഗീത, എ.ഇ.ഒ. സുരേന്ദ്രന്‍പിള്ള, ചെങ്ങന്നൂര്‍ ബി.പി.ഒ. ജി. കൃഷ്ണകുമാര്‍, പി.ടി.എ. പ്രസിഡന്റ് എസ്. സൂര്യമോള്‍, പഞ്ചായത്ത് സെക്രട്ടറി ടി.വി. ജയന്‍, പി.എസ്. ഗോപാലകൃഷ്ണന്‍, പ്രവീണ്‍ പ്രഭ, സത്യബബു തുടങ്ങിയവര്‍ പങ്കെടുത്തു.

പൊതു വിദ്യാഭ്യാസ വകുപ്പ് 2021- 22 വര്‍ഷത്തെ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് ഒരു കോടി രൂപ ചെലവില്‍ പൊതുമരാമത്ത് വകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചത്.