ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 27786 പുതിയ വോട്ടർമാർ. മാർച്ച് 25 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 18നും 19നും മധ്യേ പ്രായമുള്ള യുവ വോട്ടർമാർ ഏറ്റവും കൂടുതലുള്ളത് കുന്നത്തുനാട് മണ്ഡലത്തിലാണ്. കുന്നത്തുനാട്ടിൽ 1411 പുതിയ പുരുഷ വോട്ടർമാരും 1292 പുതിയ സ്ത്രീ വോട്ടർമാരുമാണുള്ളത്.

പെരുമ്പാവൂർ ( പുതിയ പുരുഷ വോട്ടർമാർ-925,പുതിയ സ്ത്രീ വോട്ടർമാർ-904), അങ്കമാലി (1075-1029), ആലുവ (1155-1150), കളമശ്ശേരി (1191- 1294), പറവൂർ (1030-1095 ), വൈപ്പിൻ(688-744), കൊച്ചി (540-559), തൃപ്പൂണിത്തുറ (807-922), എറണാകുളം (747-747, ട്രാൻഡ്ജെൻഡർ-1), തൃക്കാക്കര (903-849), പിറവം (946-970, ട്രാൻസ്‌ജെൻഡർ-1 ), മൂവാറ്റുപുഴ (1225-1116), കോതമംഗലം (1271-1199) എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്കുകൾ.

യുവാക്കളെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി, സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേർസ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രവർത്തനങ്ങളുടെ ഭാഗമായി കലാലയങ്ങൾ, സർവ്വകലാശാലകൾ എന്നിവ കേന്ദ്രീകരിച്ച് ജില്ലയിൽ നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.

പുതിയ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ ആകെ 2598291 വോട്ടർമാർ ഉണ്ട്. ആകെ പുരുഷ വോട്ടർമാർ-1264623, സ്ത്രീ വോട്ടർമാർ-1333640, ട്രാൻസ്ജെൻഡർ വോട്ടർമാർ-28 എന്നിങ്ങനെയാണ് കണക്കുകൾ. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും അവസാന നാളുകളിൽ ലഭിച്ച അപേക്ഷകളിലെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് തുടരും.