ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ യുവ വോട്ടര്‍മാര്‍ക്കായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) എന്നിവ സംയുക്തമായി സംവാദമത്സരം സംഘടിപ്പിച്ചു. യുവജനങ്ങള്‍ക്കിടയിലെ ജനാധിപത്യ ബോധം സാമൂഹ്യമാധ്യമങ്ങളില്‍ മാത്രമായി ഒതുങ്ങുന്നുണ്ടോ എന്ന വിഷയത്തില്‍ നടത്തിയ മത്സരത്തില്‍ പാലക്കാട് ഗവ വിക്ടോറിയ കോളെജ്, മേഴ്‌സി കോളെജ്, മുണ്ടൂര്‍ യുവക്ഷേത്ര, ഗവ ടി.ടി.ഐ കുമരപുരം, പാലക്കാട് ആറ്റംസ് കോളെജ്, ശ്രീകൃഷ്ണപുരം വി.ടി.ബി കോളെജ് തുടങ്ങിയവിടങ്ങളില്‍നിന്നായി 28 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
പാലക്കാട് ഗവ വിക്ടോറിയ കോളെജ് വിദ്യാര്‍ത്ഥികളായ എസ്. അശ്വനി, കെ.എസ് സുകില എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാലക്കാട് മേഴ്സി കോളെജിലെ ആര്‍. വൈഷ്ണവി, എ.എസ് ശാലിനി എന്നിവര്‍ രണ്ടാം സ്ഥാനം നേടി. ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, അസിസ്റ്റന്റ് കലക്ടറും സ്വീപ്പ് നോഡല്‍ ഓഫീസറുമായ ഒ.വി ആല്‍ഫ്രഡ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷാ മാനാട്ട് എന്നിവര്‍ വിധികര്‍ത്താക്കളായി.
ജേതാക്കള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ഫലകവും ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര വിതരണം ചെയ്തു. മത്സരത്തില്‍ പങ്കെടുത്ത മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് അസിസ്റ്റന്റ് കലക്ടര്‍ പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൊല്ലങ്കോട് ബ്ലോക്ക് എ.ബി.പി ഫെല്ലോ റിയ ടോമി, ഡി.സി.വൈ.ഐ.പി. ഇന്റേണ്‍മാരായ ജിജിത്ത്, ഹമീദ്, ഡി.സി.വൈ.ഐ.പി ട്രെയിനി ജെ. ഹരികൃഷ്ണന്‍, കെ.വൈ.എല്‍.എ ഫെലോ പി. അഞ്ജിത, ഐ.ഇ.സി ഇന്റേണ്‍ പി.വി വിജിത എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.