തൃശൂർ മണ്ഡലത്തിലെ അവലോകന യോഗം ചേർന്നു

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളിൽ എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് നിരീക്ഷകരുടെ നിർദേശം. കുടിവെള്ള സൗകര്യം, റാമ്പുകൾ എന്നിവ ഒരുക്കും. കൂടാതെ മാതൃക പോളിംഗ് സ്റ്റേഷനുകളും വനിതാ ഉദ്യോഗസ്ഥർ നേതൃത്വം വഹിക്കുന്ന പിങ്ക് പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കും.
തൃശൂർ ലോക്സഭാ മണ്ഡലം പൊതു നിരീക്ഷക പി പ്രശാന്തിയുടെ നേതൃത്വത്തിൽ വിവിധ നോഡൽ ഓഫീസർമാരുമായി ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്തതു.

എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ എക്സൈസ് അധികൃതർക്ക് നിർദ്ദേശം നൽകി. പോളിംഗ് ദിനത്തിന്റെ അഞ്ചുദിവസങ്ങൾക്കു മുന്നോടിയായി വോട്ടേഴ്‌സ് ഇൻഫർമേഷൻ സ്ലിപ്പുകൾ വിതരണം ചെയ്യും. പ്രശ്നബാധിത, പ്രശ്ന സാധ്യത ബൂത്തുകളിൽ മതിയായ പോലീസ് സുരക്ഷ ഉറപ്പാക്കും. പോസ്റ്റൽ ബാലറ്റ്, ഹോം വോട്ടിങ്, ഇവിഎം സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷ, എം സി എം സി പ്രവർത്തനങ്ങളും വിലയിരുത്തി.

വീഡിയോ കോൺഫറൻസ് റൂമിൽ ചേർന്ന യോഗത്തിൽ ചെലവ് നിരീക്ഷക മാനസി സിങ്, സബ് കലക്ടർ മുഹമ്മദ് ഷെഫീക്ക്‌, അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രാഹി, എ ഡി എം ടി മുരളി, ഇലക്ഷൻ നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.