ഹരിപ്പാട്: കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വിപ്ലവം നടത്തുമെന്നും അത് വഴി വിദ്യാഭ്യാസ രംഗത്ത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ഹരിപ്പാട് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ച സംസ്ഥാനത്തെ പ്രഥമ ഐഡിയൽ ലാബിന്റെയും ഹയർ സെക്കണ്ടറി കെട്ടിടത്തിന്റെയും ഉത്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഡിയൽ ലബോറട്ടറി എന്ന നൂതന പദ്ധതി രാജ്യത്തു ആദ്യമായി മുന്നോട്ട് വെച്ചത് കേരളമാണ്. സംസ്ഥാനത്തെ നൂറ്റി നാല്പത് മണ്ഡലങ്ങളിലായി നൂറ്റി നാൽപത്തിയൊന്ന് അന്തർദേശിയ നിലവാരത്തിലുള്ള സ്കൂളുകൾ നിർമിച്ചു വരികയാണ്. സംസ്ഥാന സർക്കാർ നൽകിയ തുകയും എംഎൽഎ മാരുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുകയും ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. സംസ്ഥാനത്ത് ഇതിനകം നാല്പത്തിഅയ്യായിരം ക്ലാസുകൾ ഹൈടെക് ആക്കി കഴിഞ്ഞു. അടുത്ത പ്രവേശനോത്സവത്തിന് മുൻപായി ഒന്ന് മുതൽ പന്ത്രണ്ട് വരെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആക്കി മാറ്റും. ഇതുവഴി വിദ്യാഭ്യാസ രംഗത്ത് സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളം മാറും. മികച്ച കെട്ടിടങ്ങളും കമ്പ്യൂട്ടർ സൗകര്യങ്ങളും നൽകുന്നതിനൊപ്പം ലൈബ്രറികളും ലാബുകളും കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. ഹരിപ്പാട് നിയോജക മണ്ഡലം വിദ്യാഭ്യാസ മേഖലയിൽ വളരെ മികച്ച പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹരിപ്പാട് നഗരസഭാധ്യക്ഷ വിജയമ്മ പൊന്നൂർമഠം, വൈസ് ചെയർമാൻ കെ.എം. രാജു, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, നഗരസഭാ അംഗങ്ങളായ സി. രാജലക്ഷ്മി, ശോഭ വിശ്വനാഥ്, എസ്. രാധാമണിയമ്മ, ബി. ബാബുരാജ്, ആർ.എം.എസ.എ. സംസ്ഥാന പ്രൊജക്റ്റ് ഡയറക്ടർ രാഹുൽ ആർ, കെ.വി. മോഹൻ കുമാർ, ബി. അബുരാജ്, ഡോ. പി. പ്രമോദ്, ധന്യ ആർ. കുമാർ, ജിമ്മി കെ. ജോസ്, വി. ആർ. ശൈലജ, എ. സിദ്ദിഖ്, ബി. ഹരികുമാർ, കെ. വി. ഷാജി, ഉഷ എ. പിള്ള, സതീഷ് ആറ്റുപുറം എന്നിവർ പ്രസംഗിച്ചു.
