ന്യൂനപക്ഷ കമ്മീഷന്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നപരിഹാരത്തിനുള്ള തുറന്ന വേദിയാണെന്നും പരമാവധി ആളുകള്‍ ഇത് പ്രയോജനപ്പെടുത്തണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസ്. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ന്യൂനപക്ഷ കമ്മീഷന്‍ അദാലത്തില്‍ സംസാരിക്കുകയായിരുന്നു കമ്മീഷനംഗം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വേണ്ടവിധത്തിലുള്ള ബോധവല്‍ക്കരണം ലഭ്യമാകാത്തതിനാലാണ് പരാതികളുമായി എത്തുന്നരുടെ എണ്ണം കുറയുന്നത്. പരാതികളുടെ തുടര്‍റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വകുപ്പ്, തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് ഹാജരാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി കമ്മീഷനില്‍ അയയ്ക്കണം.
വാട്സ്ആപ്പില്‍ കൂടി വ്യക്തിഹത്യ നടത്തി അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിച്ചുവെന്ന മല്ലപ്പള്ളി കോട്ടാങ്ങല്‍ സ്വദേശിയുടെ പരാതി കമ്മീഷന്റെ ഇടപെടലില്‍ തീര്‍പ്പാക്കി. കുമ്പനാട് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യ പള്ളിക്ക് നേരെ നടന്ന ആക്രണമണത്തിന്റെ പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ഇതിലെ പ്രതികളെ കമ്മീഷന്‍ ഇടപെടലിലൂടെ വേഗത്തില്‍ കണ്ടെത്തിയതായും കമ്മീഷന്‍ പറഞ്ഞു.  ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഇമ്പിച്ചിബാവ ഭവന നിര്‍മാണ പുനരുദ്ധാരണ പദ്ധതിയെ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ധനസഹായം നാല് ലക്ഷം രൂപ വരെ ലഭിക്കും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഓഫീസുകളില്‍ ലഭിക്കാത്തത് ധനസഹായം വൈകിപ്പിക്കുന്നു എന്ന അടൂര്‍ സ്വദേശിനിയുടെ പരാതിയില്‍ ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ ഏഴ് പരാതികള്‍ പരിഗണിച്ചു. ഇതില്‍ മൂന്ന് കേസുകള്‍ തീര്‍പ്പാക്കി, നാല് പരാതികള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.