ആലപ്പുഴ: സാക്ഷരതാമിഷൻ അക്ഷരലക്ഷം പദ്ധതിയിൽ 98 മാർക്ക് വാങ്ങി ഒന്നാംസ്ഥാനത്തെത്തി താരമായി മാറിയ ഹരിപ്പാട് ചേപ്പാട് സ്വദേശിനി കാർത്ത്യായനയമ്മയെത്തേടി വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ബുധനാഴ്ച വീട്ടിലെത്തി. അക്ഷരലക്ഷം നാലാം ക്ലാസ് തുല്യതാ പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും പ്രായം കൂടിയ പരീക്ഷർത്ഥിയായിരുന്നു കാർത്ത്യായനിയ അമ്മ. 97 വയസ്സുള്ള കാർത്ത്യായനിയമ്മയെ മുഖ്യമന്ത്രി നേരിട്ട് തിരുവനന്തപുരത്ത് അനുമോദിച്ചിരുന്നു. അനുമോദനചടങ്ങിനിടെ തുടർന്ന് എന്ത് ചെയ്യണാനാണ് ആഗ്രഹമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് തനിക്ക് പത്താംക്ലാസ് പഠിക്കണം എന്ന് കാർത്ത്യായനിയമ്മ അറിയിച്ചു.കൂടാതെ കമ്പ്യൂട്ടർ പഠിക്കണമെന്നും മുഖ്യമന്ത്രിയോട് സൂചിപ്പിച്ചു. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയത് പ്രകാരമാണ് താൻ ലാപ്‌ടോപ്പുമായി എത്തിയതെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ മറ്റ് പരിപാടികൾക്കായി എത്തിയ മന്ത്രി രവീന്ദ്രനാഥ് താൻ ലാപ്‌ടോപ്പുമായാണ് എത്തിയതെന്ന വിവരം ഉദ്യോഗസ്ഥരോട് പോലും പറഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായാണ് മന്ത്രി ് പെട്ടെന്ന് ലാപ്‌ടോപ്പുമായി കാർത്തിയായനി അമ്മയുടെ വീട്ടിലേക്ക് കടന്നുചെന്നത്.പറഞ്ഞ് ദിവസങ്ങൾക്കകം തന്നെ കമ്പ്യൂട്ടർ ലഭിച്ചതിലുള്ള സന്തോഷം പക്ഷേ കാർത്ത്യായനിയമ്മ മറച്ചുവച്ചില്ല. മന്ത്രി കാർത്ത്യായനിയമ്മയ്‌ക്കൊപ്പമിരുന്ന് കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുകയും കാർത്ത്യായനിയമ്മ കമ്പ്യൂട്ടറിൽ മന്ത്രിയുടെ സഹായത്തോടെ സ്വന്തം പേര് ടൈപ്പ് ചെയ്യുകയും ചെയ്തു. കമ്പ്യൂട്ടർ പഠിച്ചതിന്റെ പുരോഗതി വിലയിരുത്താൻ അധികം വൈകാതെ വീണ്ടും വരുമെന്ന ഉറപ്പു നൽകിയാണ് മന്ത്രി യാത്രയായത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ, എസ്.ഐ.ഇ.ടി.ഡയറക്ടർ അബുരാജ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഹരിഹരൻ ഉണ്ണിത്താൻ, അസി.കോർഡിനേറ്രർ കെ.എം.സുബൈദ, പ്രേരക് സതി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികൾ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായി.