ആലപ്പുഴ: പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിൻറെ സ്മരണയിൽ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി ആവേശത്തിലും പ്രചാരത്തിലും ലോകശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞതായി ഗവർണർ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. അറുപത്തിയാറാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ഉദ്ഘാടനം പുന്നമടയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ വള്ളംകളി വലിയ സന്ദേശം ലോകത്തിന് നൽകുന്നുണ്ട്. കേരളം ഇതിനു മുമ്പൊരിക്കലും കാണാത്ത ഒരു ദുരന്തത്തെ അതിജീവിച്ചു കഴിഞ്ഞു എന്ന സന്ദേശമാണത്. ആലപ്പുഴയും അതിൽ നിന്ന് കരകയറി കഴിഞ്ഞു. ഈ വള്ളംകളി സാമുദായിക -സാമൂഹിക സമത്വത്തിന്റെ പ്രതീകമാണ്് നൽകുന്നത്. സ്‌പോർട്‌സിന് ഉപയോഗിക്കുന്ന വള്ളങ്ങളിൽ ചുണ്ടൻവള്ളം ആണ് ഏറ്റവും വലുത് എന്നുള്ളത് നമുക്ക് അഭിമാനിക്കാവുന്നതാണ് . യുനെസ്‌കോയുടെ വേൾഡ് ഹെറിറ്റേജ് ടാഗ് കേരളത്തിലെ ചുണ്ടൻ വള്ളങ്ങൾക്ക് ലഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ സത്വരമായി ചെയ്യുകയാണെന്നും അതിന് യുനെസ്‌കോ എല്ലാ സഹായങ്ങളും ഉറപ്പു നൽകിയിട്ടുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. അടുത്ത വള്ളംകളി ആകുമ്പോഴേക്കും 1500 കോടി രൂപയുടെ പശ്ചാത്തല വികസന പ്രവർത്തനങ്ങൾ ആലപ്പുഴ നഗരത്തിൽ ആരംഭിച്ച് കഴിയുമെന്ന് മന്ത്രി പറഞ്ഞു. കേരള ബോട്ട് ലീഗ് അടുത്ത വർഷത്തേക്ക് കാത്തുനിൽക്കാതെ ഈ വർഷം തന്നെ ആരംഭിക്കാൻ പോവുകയാണെന്നും മന്ത്രി പറഞ്ഞു. കുട്ടനാടിന്റെയും ആലപ്പുഴയുടേയും ടൂറിസത്തിന് വാതിലുകൾ തുറന്നു കിടക്കുകയാണ് എന്നതും ഇതിൻറെ സന്ദേശമാണ്. ഭക്ഷ്യമന്ത്രി പി.തിലോത്തമൻ, ദേവസ്വം-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ സി വേണുഗോപാൽ എം പി, മേളയുടെ മുഖ്യാതിഥി തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ, നഗരസഭാ ചെയർമാൻ തോമസ് ജോസഫ് എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ എസ്.സുഹാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സബ്കളക്ടർ വി.ആർ.കൃഷ്ണതേജ നന്ദി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സ് വള്ളംകളിക്ക് ആവേശം പകരാൻ എത്തിയിരുന്നു.