മീനങ്ങാടി ഗ്രാമപഞ്ചായത്ത് ചെസ് അക്കാഡമിയുടെയും ജില്ലാ ചെസ് അസോസിയേഷന്റെയും സഹകരണത്തോടെ അണ്ടര്‍-6, അണ്ടര്‍-14 ജില്ലാ സെലക്ഷന്‍ ചെസ് മത്സരവും പരിശീലനവും ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തി. മത്സരത്തില്‍ ആറു വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കെ.എസ്. ഗൗതം കൃഷ്ണ, ടെനില്‍ തുമ്പാനം, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.എസ്. അനുഷ, എന്‍.കെ. അമീന, 14 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അര്‍ജുന്‍ ബിജു, എം.എസ്. ആബേല്‍, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിപ്രിയ രാജ്, ജാന ആലുങ്കല്‍ എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം നേടി. ഇവര്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും.
പഞ്ചായത്ത് അദ്ധ്യക്ഷ ബീന വിജയന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം മിനി സാജു അദ്ധ്യക്ഷത വഹിച്ചു. ചൂതുപാറ ജനത ഗ്രന്ഥാലയത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷം നല്‍കിയ പരിശീലനത്തിലൂടെ അന്തര്‍ദേശീയ ഫിഡെ റേറ്റഡ് താരങ്ങളായി മാറിയ വി.എസ്. അഭിനവ്രാജ്, എം.എസ്. ആബേല്‍, ഹരിപ്രിയ രാജ്, ശ്രീരാഗ് പദ്മന്‍, അശ്വിന്‍ കൃഷ്ണ, അര്‍ജുന്‍ ബിജു, വി.എസ്. ആനന്ദ്രാജ്, അനന്തുകൃഷ്ണ എന്നിവരെ പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ സി. അസൈനാര്‍ ആദരിച്ചു. പഞ്ചായത്തംഗം എം.എന്‍. മുരളി സമ്മാനദാനം നിര്‍വഹിച്ചു. ഇന്ത്യന്‍ ചെസ് അക്കാഡമി വയനാട് ചാപ്റ്റര്‍ പ്രസിഡന്റ് കല്‍പ്പന ബിജു, സെക്രട്ടറി ആര്‍. രമേഷ്, ജില്ലാ ചെസ് അസോസിയേഷന്‍ ട്രഷറര്‍ എം.ആര്‍. മംഗളന്‍, പഞ്ചായത്ത് ചെസ് അക്കാഡമി കോ ഒര്‍ഡിനേറ്റര്‍ വി.ആര്‍. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
