നെൽകൃഷിയിലെ പുത്തൻ പരീക്ഷണങ്ങൾ നെൽപാടങ്ങളുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നെന്ന് കണക്ക്. നെൽകൃഷി ആദായകരമല്ലെന്നു പരക്കെ അറിയപ്പെട്ടതോടെ മേഖല പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ, അടുത്തിടെയായി പ്രാദേശിക ഭരണകൂടങ്ങളടക്കം രംഗത്തെത്തിയതോടെ നെൽകൃഷിക്ക് പുതുജീവൻവച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ മാത്രം പുതുതായി നാനൂറ് ഹെക്റ്ററിലധികം പ്രദേശത്ത് നെൽകൃഷി വ്യാപിപ്പിച്ചു. നെൽപാടങ്ങൾ മറ്റാവശ്യങ്ങൾക്കു വേണ്ടി തരംമാറ്റുന്ന പ്രക്രിയ തുടരുന്ന പശ്ചാത്തലത്തിൽ ചിലയിടങ്ങളിൽ ഭൂഗർഭ ജലവിതാനം താഴുന്നുവെന്നു കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നെൽകൃഷി വ്യാപന പദ്ധതിക്ക് വയനാട്ടിൽ തുടക്കമിട്ടത്. നെൽകൃഷി വയലുകളിൽ മാത്രമൊതുക്കാതെ വേറിട്ട പരീക്ഷണങ്ങൾ നടത്തുന്ന കർഷകരും കർഷക ശാസ്ത്രജ്ഞരും ഈ ഉദ്യമത്തിന് മുതൽക്കൂട്ടാണ്. ഇതിൽ ശ്രദ്ധേയനാണ് കർഷക ശാസ്ത്രജ്ഞനായ അമ്പലവയൽ മാളികക്കുന്നേൽ അജി തോമസ്. ഇദ്ദേഹം വികസിപ്പിച്ച കെട്ടിനാട്ടി കൃഷിരീതിക്ക് സംസ്ഥാനത്ത് പ്രചാരമുണ്ട്. കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലായി 203 ഏക്കറിലാണ് നിലവിൽ കെട്ടിനാട്ടി മുറയിൽ നെൽകൃഷി നടക്കുന്നത്. വയനാട്ടിൽ മാത്രം പടിഞ്ഞാറത്തറ, പനമരം, കേണിച്ചിറ, അമ്പലവയൽ, നെൻമേനി, പിണങ്ങോട്, തിരുനെല്ലി എന്നിവിടങ്ങളിലായി 70 ഏക്കറിൽ ഈ രീതിയിൽ കൃഷിയുണ്ട്. എറണാകുളത്ത് 44 ഏക്കറിലും
പാലക്കാട് 43 ഏക്കറിൽ കെട്ടിനാട്ടി രീതിയിൽ നഞ്ചകൃഷി ഇറക്കിയിട്ടുണ്ട്. പാരമ്പര്യ നെൽവിത്തിനങ്ങളുടെ സംരക്ഷണത്തിന് കുടുംബശ്രീ വയനാട് ജില്ലാ മിഷൻ ആരംഭിച്ച സീഡ് ബാങ്കിന്റെ ഭാഗമായി പൂതാടി പഞ്ചായത്തിലെ കേണിച്ചിറ പുളിക്കലിൽ അഞ്ചര എക്കർ വയലിലും കെട്ടിനാട്ടി രീതിയിൽ നെൽക്കൃഷിയിറക്കിയിരുന്നു.
സംപുഷ്ടീകരിച്ച വളക്കൂട്ടും കളിക്കൂട്ടും ചേർത്ത് ചാണകവറളിയിലാക്കിയ നെൽവിത്തുകളെ ഉണക്കി പെല്ലറ്റുകളാക്കി വരിയും നിരയുമൊപ്പിച്ച് വിതയ്ക്കുന്ന രീതിയാണ് കെട്ടിനാട്ടി. ചാണകം, ഇലച്ചാറുകൾ, പഞ്ചഗവ്യം എന്നിവയാണ് സംപുഷ്ടീകരണത്തിന് ഉപയോഗിക്കുന്നത്. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങളിൽ കൂലിച്ചെലവ് വെട്ടിക്കുറയ്ക്കാനും ഉയർന്ന ഉൽപാദനം ലഭിക്കാനും ഉതകുന്നതാണ് കെട്ടിനാട്ടി കൃഷിരീതി. 2013-14ൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയും അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേൽനോട്ടത്തിലും വികസിപ്പിച്ച കൃഷിമുറ ഇതിനകം 24 തവണ പരിഷ്‌കരിച്ചു.