* കഴക്കൂട്ടത്ത് നൂതന പരിശീലന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും ടിഷ്യൂകള്‍ചര്‍ ലാബിന്റെ നവീകരണ ഉദ്ഘാടനവും നിര്‍വഹിച്ചു
ഒരു കോടി ടിഷ്യൂകള്‍ചര്‍ വാഴത്തൈകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
കഴക്കൂട്ടം ബയോടെക്‌നോളജി ആന്റ് മോഡല്‍ ഫ്‌ളോറികള്‍ചര്‍ സെന്ററില്‍ നൂതന പരിശീലന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും ടിഷ്യൂകള്‍ചര്‍ ലാബിന്റെ നവീകരണ ഉദ്ഘാടനവും നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷികമേഖലയിലാകെ ടിഷ്യൂകള്‍ചര്‍ ഉത്പാദന സാധ്യത പ്രയോജനപ്പെടുത്തും. വൈറസ് ബാധ പ്രതിരോധിക്കാനാവുന്ന തൈകളാണ് ഇത്തരം കേന്ദ്രങ്ങളിലൂടെ ഉത്പാദിപ്പിക്കുന്നത്. ഗുണമേന്‍മയുള്ള നടീല്‍വിത്തുകള്‍ ലഭ്യമാക്കുകയെന്നത് പരമപ്രധാനമാണ്.
തെങ്ങിന്‍തൈകള്‍ തന്നെ ടിഷ്യൂകള്‍ചര്‍ വഴി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കോക്കനറ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ രൂപീകരിക്കാനും 15 ലക്ഷം തെങ്ങിന്‍തൈകള്‍ ഒരു വര്‍ഷം ഉത്പാദിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പച്ചക്കറി തൈയും വിത്തും ഉത്പാദനം കൂട്ടാനുള്ള പുതിയ പദ്ധതികളിലൂടെ കോടിക്കണക്കിന് വിത്തുപാക്കറ്റുകളാണ് വി.എഫ്.പി.സി.കെ വഴി ലഭ്യമാക്കിയത്.
ആവശ്യമായ നെല്‍വിത്തിന്റെ 80 ശതമാനവും ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലൂടെയും ബാക്കി നാഷണല്‍ സീഡ് കോര്‍പറേഷന്‍വഴിയുമാണ് ലഭ്യമാക്കുന്നത്. സ്വകാര്യവിത്ത് ഉത്പാദകരെ പൂര്‍ണമായി ഒഴിവാക്കുകയാണ് ലക്ഷ്യം.
രാജ്യത്തെ ആദ്യ ഹൈടെക് നഴ്‌സറി മൂവാറ്റുപുഴയില്‍ തുടങ്ങി. ഇവിടെ രണ്ടുകോടി പച്ചക്കറി തൈകള്‍ ഉത്പാദിപ്പിക്കുന്ന സംവിധാനം ഒരുക്കാനായി.
ഏറ്റവും ഗുണമേന്‍മയുള്ള ടിഷ്യൂ കള്‍ചര്‍ വാഴ ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായാണ് കഴക്കൂട്ടത്തെ കേന്ദ്രം വിപുലീകരിക്കുന്നത്. 10 ലക്ഷം തൈകള്‍ ഉത്പാദിപ്പിക്കാനുള്ള സംവിധാനം 30 ലക്ഷമായി ഇവിടെ ഉയര്‍ത്തും.
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ശക്തമായ സാന്നിധ്യം ഉണ്ടാകുന്നതിനാല്‍ സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അനിയന്ത്രിതമായി വില വര്‍ധിപ്പിക്കാനാവില്ല.
വാഴയ്ക്ക് പുറമേ, അലങ്കാരകൃഷി മേഖലയിലും ടിഷ്യൂകള്‍ചര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തും. ആന്തൂറിയം, കട്ട് ഫ്‌ളവര്‍ ഉത്പാദനം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും.
തൈ ഉത്പാദനത്തിനൊപ്പം പ്രായോഗിക പരിശീലനവും കഴക്കൂട്ടത്ത് നല്‍കും. അഞ്ചുമാസമുള്ള ബയോടെക്‌നോളജി പ്രായോഗിക പരിശീലന പദ്ധതി, മറ്റ് ഹ്രസ്വകാല പരിശീലനങ്ങള്‍, ടിഷ്യൂകള്‍ചര്‍ സംരംഭകര്‍ക്കുള്ള പരിശീലനം എന്നിവ നല്‍കുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
കാര്‍ഷികമേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളും നവീന സൗകര്യങ്ങളുടെയും ഗുണഫലങ്ങള്‍ സാധാരണ കര്‍ഷകര്‍ക്ക് ലഭ്യമാക്കാനാവണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പുതിയ മേഖലകളിലേക്ക് സ്ഥാപനത്തെ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനകേന്ദ്രവും ലാബ് നവീകരണവും ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൃഷി അസി. ഡയറക്ടര്‍ എസ്. ശ്രീകല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രാഷ്ട്രീയകക്ഷി നേതാക്കളായ ചന്തവിള മധു, അണ്ടൂര്‍കോണം സനല്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. അഡീ. ഡയറക്ടര്‍ വി. മല്ലിക സ്വാഗതവും ജോയന്റ് ഡയറക്ടര്‍ ബ്രന്റ വാലന്റീന അരാന്റ് നന്ദിയും പറഞ്ഞു.