സാമൂഹിക കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകന് ലാഭം മാത്രം ലക്ഷ്യമാക്കി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് സാമൂഹിക സംരംഭകനും ലോകബാങ്കിന്റെ ഇന്നവേഷന്‍ അവാര്‍ഡ് ജേതാവുമായ ഇര്‍ഫാന്‍ ആലം പറഞ്ഞു. അസാപ്പ് മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംരംഭകത്വവും നൈപുണ്യവും നവീകരിക്കുന്നതെങ്ങനെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
  ബിസിനസ് സംരംഭകന് ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചാല്‍ മതി. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ അവരെ ബാധിക്കാറേയില്ല. എന്നാല്‍ സാമൂഹിക സംരംഭകന്‍ സമൂഹത്തിന്റെ പുരോഗതികൂടി മുന്നില്‍കണ്ട് വേണം പ്രവര്‍ത്തിക്കാന്‍. നല്ല സംരംഭകന്‍ ഉള്‍ക്കാഴ്ചയോടെ സമൂഹത്തെ നോക്കി പഠിക്കേണ്ടതുണ്ട്. അതിന് വിദ്യാഭ്യാസം ആവശ്യമായ ഘടകമാണ്. ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നതിലൂടെ മാത്രമേ നല്ല സംരംഭകനാകാന്‍ കഴിയൂ. വിദ്യാഭ്യാസം കുറവുള്ളവര്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ നേരില്‍കണ്ട് പഠിക്കാനുള്ള അവസരം ലഭിക്കുന്നു.
സമൂഹത്തിന്റെ സൂക്ഷ്മ ചലനങ്ങളെ തിരിച്ചറിയുന്നതിലൂടെ മാത്രമേ സാമൂഹിക സംരംഭകനാകാന്‍ ഒരാള്‍ക്ക് സാധിക്കൂ. പുറന്തള്ളപ്പെട്ട മനുഷ്യരുടെ ഇടയിലേയ്ക്ക് പോകുമ്പോള്‍ മാത്രമാണ് സാമൂഹിക സംരംഭകത്വം പൂര്‍ണ അര്‍ത്ഥത്തില്‍ വിജയിക്കുന്നത്. സമ്മാന്‍ ഫൗണ്ടേഷന്‍ ആരംഭിക്കുമ്പോള്‍ ഇത്തരമൊരു കാഴ്ചപ്പാടാണ് മുന്നോട്ടുവെച്ചത്. അതുകൊണ്ട് ബീഹാറിലെ സാധാരണക്കാരായ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കായി സംരംഭകത്വം ആരംഭിക്കുകയായിരുന്നു. പ്രാന്തവത്കരിക്കപ്പെട്ട മനുഷ്യര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ സംരംഭം ആരംഭിച്ചത്.
  ഏത് പുതിയ സംരംഭം ആരംഭിച്ചാലും പാവപ്പെട്ടവരെ സഹായിക്കുക എന്ന കാഴ്ചപ്പാടിന് മുന്‍തൂക്കം നല്‍കാറുണ്ട്. മെഡിക്കല്‍ യൂണിറ്റുകള്‍ ആരംഭിച്ച് ഗ്രാമങ്ങളിലും നഗരങ്ങളിലും പ്രവര്‍ത്തനം ആരംഭിച്ചത് ഈ അര്‍ത്ഥത്തിലാണ്. ആംബുലന്‍സ്, മോര്‍ച്ചറി വാനുകളുടെ സര്‍വീസ് ആരംഭിച്ചതും ഈ കാഴ്ചപ്പാട് മുന്‍നിര്‍ത്തിയായിരുന്നു. കേരളത്തില്‍ സംരംഭം ആരംഭിക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  അസാപ് സി.ഇ.ഒ റീത്ത എസ്. പ്രഭ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.