*നിയമസഭയുടെ ഔദ്യോഗിക ന്യൂസ് ലെറ്റര്‍ അറിവോരം ത്രൈമാസിക സ്പീക്കര്‍ പ്രകാശനം ചെയ്തു
നിയമസഭയുടെയും ജനപ്രതിനിധികളുടെയും പ്രവര്‍ത്തനങ്ങള്‍ സത്യസന്ധമായും സമയബന്ധിതമായും ജനങ്ങളിലെത്തിക്കുക പാര്‍ലമെന്ററി  ജനാധിപത്യ സംവിധാനത്തില്‍ പരമപ്രധാനമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭയുടെ ഔദ്യോഗിക ന്യൂസ് ലെറ്റര്‍ അറിവോരം ത്രൈമാസിക പ്രകാശനം ചെയ്യുകയായിരുന്നു സ്പീക്കര്‍.
ഒരു നൂതന മാധ്യമരീതി എന്ന നിലയില്‍ ഓണ്‍ലൈന്‍ മാധ്യമ സാധ്യതയെ പരമാവധി ഉപയോഗപ്പെടുത്തണമെന്ന ആശയത്തില്‍നിന്നാണ് നിയമസഭയെയും പൊതു സമൂഹത്തെയും  ബന്ധിപ്പിക്കുന്ന കണ്ണിയായി ഓണ്‍ലൈന്‍ ന്യൂസ് ലെറ്റര്‍ എന്ന ആശയം നടപ്പിലാക്കുന്നത്. രാജ്യത്തെ സംസ്ഥാന നിയമസഭകളുടെ ചരിത്രത്തില്‍ ഇത്തരമൊരു സംരംഭം ആദ്യമാണെന്നതില്‍ അഭിമാനമുണ്ട്. നിയമസഭയ്ക്ക് സ്വന്തമായി ഒരു ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
സഭാസമ്മേളന റിപ്പോര്‍ട്ടുകള്‍, സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും ഔദ്യോഗിക പരിപാടികള്‍, നിയമസഭാ സാമാജികരുടെ നിയോജക മണ്ഡല പ്രവര്‍ത്തന റിപ്പോര്‍ട്ട്, നിയമസഭയുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, നിയമസഭയുടെയോ നിയമസഭാ സെക്രട്ടേറിയറ്റിന്റെയോ  പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടികള്‍, ജനാധിപത്യം, നിയമസഭ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, വാര്‍ത്തകള്‍, ഫീച്ചര്‍, റിപ്പോര്‍ട്ട്, അഭിമുഖം, നിയമസഭാ സമിതികളുടെ ശിപാര്‍ശകള്‍, കേരള നിയമസഭയുടെ നടപടിക്രമവും കീഴ്വഴക്കങ്ങളും എന്ന ഗ്രന്ഥത്തിന്റെ പുതിയ എഡിഷനുകള്‍ക്കായി തയ്യാറാക്കുന്ന കുറിപ്പുകള്‍, നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വിധിന്യായങ്ങള്‍ എന്നിവയായിരിക്കും പ്രധാനമായും ന്യൂസ് ലെറ്ററിന്റെ ഉള്ളടക്കമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ സാമാജികര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ മേഖലകളില്‍പ്പെട്ടവര്‍ക്ക്  പ്രയോജനപ്പെടുന്ന രീതിയിലാണ് ന്യൂസ് ലെറ്റര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റായ http://www:niyamasabha.org ല്‍ ഇത് ലഭ്യമാണ്.
കേരള നിയമസഭാ സെക്രട്ടേറിയറ്റിന്റെ വിവരവിഭവ വികസന വിഭാഗത്തിനാണ് ന്യൂസ്ലെറ്ററിന്റെ പ്രസിദ്ധീകരണച്ചുമതല. നിയമസഭാ സെക്രട്ടറിയാണ് ചീഫ് എഡിറ്റര്‍. നിയമസഭാ സെക്രട്ടേറിയറ്റിലെ സ്പെഷ്യല്‍ സെക്രട്ടറി, വിവിരവിഭവ വികസനം, ഐടി, ടേബിള്‍, റിസര്‍ച്ച് വിഭാഗങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരാണ് പത്രാധിപ സമിതി അംഗങ്ങള്‍.