കാലത്തിനുപ്പോലും മായ്ക്കാന്‍ കഴിയാത്ത കാര്‍ഷിക സംസ്‌കൃതിയുടെ അടയാളങ്ങളുടെ നാടാണ് വയനാട്. എത്ര വലിയ പ്രതിസന്ധികളില്‍ നിന്നും വയനാടന്‍ കാര്‍ഷിക മേഖല കരകയറിയതാണ് ചരിത്രം. പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലിട്ട കര്‍ഷകരുടെ ആത്മവീര്യമാണതിനു പിന്നില്‍. ഒരുക്കാലത്ത് സമൃദ്ധമായ വയനാടന്‍ നെല്‍പാടങ്ങള്‍ വീണ്ടും തിരിച്ചു വരവിന്റെ പാതയിലാണ്. തനതു പൈതൃകത്തിന്റെയും ശാസ്ത്രത്തിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാണ് കര്‍ഷകര്‍ ആ പുതുഗാഥ രചിക്കുന്നത്. തോല്‍ക്കാന്‍ മനസ്സില്ലാത്ത അത്തരത്തില്‍ ചിലരെ ഇവിടെ പരിചയപ്പെടാം…

പാട്ടത്തിനെടുത്ത പാടത്ത് പൊന്നുവിളയിച്ച് ആദിവാസി കര്‍ഷകന്‍
നഷ്ടക്കണക്കു നിരത്തി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നെല്‍കൃഷിയില്‍നിന്നു പിന്മാറുമ്പോള്‍ പാട്ടത്തിനെടുത്ത പാടത്ത് പൊന്നുവിളയിച്ച് ആദിവാസി കര്‍ഷകന്‍. ചേകാടി തൊറമ്പൂര്‍ അടിയ കോളനിയിലെ മല്ലന്‍ ആണ് വയല്‍ പാട്ടത്തിനെടുത്ത് വിജയകരമായി കൃഷി നടത്തുന്നത്. ചേകാടി ഗ്രാമത്തില്‍ വനത്തോടു ചേര്‍ന്നു ഏകദേശം ഏഴ് എക്കര്‍ വയലിലാണ് ഇക്കുറി മല്ലന്റെ കൃഷി. വേനലില്‍ കബനി നദിയില്‍നിന്നു വെള്ളം പമ്പുചെയ്തും വന്യജീവികള്‍ ഇറങ്ങുന്നതു തടയാന്‍ ഏറുമാടത്തില്‍ രാത്രി ഉറക്കമുളച്ചും മല്ലന്‍ ജൈവരീതിയില്‍ നടത്തുന്ന കൃഷി ഇക്കുറിയും വിജയമാണ്. ഗന്ധകശാല, ജയ, ആതിര എന്നി ഇനം നെല്ലുകളാണ് മല്ലന്‍ കൃഷി ചെയ്യുന്നത്. മുതല്‍മുടക്കും അദ്ധ്വാനവും വൃഥാവിലാകില്ലെന്ന ആത്മവിശ്വാസമാണ് ഇദ്ദേഹത്തിന്. കഴിഞ്ഞവര്‍ഷവും നെല്‍കൃഷി മല്ലന് ലാഭകരമായിരുന്നു. പാട്ടഭൂമിയില്‍ നെല്ലിനു പുറമേ പച്ചക്കറി, കപ്പ, വാഴ കൃഷികളും മല്ലന്‍ നടത്തുന്നുണ്ട്.

പൈതൃകം വിളയിക്കുന്ന ചെറുവയല്‍ രാമന്‍
ഒന്നരയേക്കറോളം വയലില്‍ അന്യംനിന്നുപോയേക്കാവുന്ന 35 ഇനം നെല്‍വിത്തുകള്‍ സംരക്ഷിച്ച് ചെറുവയല്‍ രാമന്‍. ചെറുവയല്‍ രാമന്‍ മാനന്തവാടി ചെറുവയല്‍ സ്വദേശിയാണ്. തലയ്ക്കല്‍ ചന്തുവിന്റെ പിന്‍ഗാമികളായി കരുതപ്പെടുന്ന കുലങ്ങളില്‍പ്പെട്ട തലക്കര കുലത്തിന്റെ അംഗം. പത്താംവയസ്സില്‍ തുടങ്ങിയ കൃഷി, രാമന്‍ ഇന്നും തുടരുന്നു. ആദ്യകാലത്ത് ചോറിനുള്ള നെല്ല് വിളയിക്കുകയായിരുന്നു കൃഷിയുടെ ലക്ഷ്യം. അതിനപ്പുറം, നാടന്‍ നെല്‍വിത്തുകള്‍ വിലപ്പെട്ടതാണെന്നും അവ പരിരക്ഷിക്കപ്പെടണമെന്നുമുള്ള ചിന്തയുണ്ടായത് യാദൃച്ഛികമായാണ്. അമ്പതു വര്‍ഷം മുമ്പ് പഴയ രേഖകളും വസ്തുക്കളുമൊക്കെ അന്വേഷിച്ച് അപരിചിതനായ ഒരാള്‍ രാമനെ കാണാനെത്തി. അദ്ദേഹമാണ് നാടന്‍ വിത്തുകളുടെ മഹത്ത്വം പറഞ്ഞ് ബോധ്യപ്പെടുത്തുന്നത്. വിലപ്പെട്ട പാരമ്പര്യഗുണങ്ങളുടെ കലവറകളാണ് നാടന്‍ ഇനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ചെറുവയല്‍ രാമന്‍ നാടന്‍ നെല്‍വിത്തുകളുടെ കാവലാളായി. പരമ്പരാഗതമായി നാലിനമാണ് രാമന്‍ കൃഷിചെയ്തിരുന്നത്. കുറേയെണ്ണം ഊരിലെ പ്രായമായവരുടെ പക്കല്‍നിന്ന് ശേഖരിച്ചു. ക്ഷേത്രാചാരത്തിന് പലയിനം നെല്ലുകള്‍ കുറിച്യര്‍ ഉപയോഗിക്കുന്നുണ്ട്. ആ വഴിക്കും കുറേ ഇനങ്ങള്‍ കിട്ടി. സമാന മനസ്‌കരായ ചിലര്‍ രാമന് നാടന്‍ നെല്ലിനങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. വീട്ടിലെ ഭക്ഷണാവശ്യത്തിനു തൊണ്ടി എന്ന ഇനമാണ് കൃഷിചെയ്യുന്നത്. മറ്റുള്ളവ വിത്താവശ്യത്തിനായി കൃഷിചെയ്യുന്നു. മുണ്ടകന്‍, ചെന്താടി, ചെന്നെല്ല്, ചേറ്റുവെള്ളിയന്‍, വെളിയന്‍, ഓണമൊട്ടന്‍, ജീരകശാല, ഗന്ധകശാല, തൊണ്ണൂറാം പുഞ്ച, നവര, കയമ, കുറുമ്പാളി, കറുത്തന്‍ തുടങ്ങി വിശിഷ്ടമായ ഒട്ടേറെ ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. സമ്പൂര്‍ണ ജൈവകൃഷിയാണ് രാമന്‍ അനുവര്‍ത്തിക്കുന്നത്.
നെല്‍വിത്തിന്റെ സംഭരണത്തില്‍ പരമ്പരാഗതരീതിയാണ് രാമന്‍ അനുവര്‍ത്തിക്കുന്നത്. വിളവെടുത്ത നെല്ലിനെ ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കുന്നു. തുടര്‍ന്ന് മുളങ്കുട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതില്‍ സംഭരിക്കും. വൈക്കോല്‍, കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെല്‍സംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുഴുങ്ങിക്കുത്തിയ അരിയും ഈവിധം സംഭരിക്കാം. വിത്താകട്ടെ, രണ്ടു വര്‍ഷംവരെ മുളയ്ക്കല്‍ശേഷി നഷ്ടപ്പെടാതെ പരമ്പരാഗതരീതിയില്‍ സൂക്ഷിക്കാനാവും.

കരനെല്‍കൃഷിയില്‍ ശ്രദ്ധേയനായി കുടിയേറ്റ കര്‍ഷകന്‍
കല്ലോടിയിലെ കുടിയേറ്റ കര്‍ഷകന്‍ ആയിലമൂല നിരപ്പുതൊട്ടിയില്‍ മാത്യു കരനെല്‍കൃഷിയില്‍ ശ്രദ്ധേയനാണ്. കല്ലോടി-ആയിലമൂല റോഡിനോട് ചേര്‍ന്ന മൂന്ന് ഏക്കറിലാണ് ഇദ്ദേഹത്തിന്റെ കൃഷി. കാടുമൂടിയ സ്ഥലം ഹിറ്റാച്ചികൊണ്ട് നെല്‍കൃഷിക്കായി പാകപ്പെടുത്തി. അന്നപൂര്‍ണ വിത്ത് വിതച്ചു. കൃഷിഭവന്‍ മുഖേനയാണ് വിത്ത് ലഭിച്ചത്. ജൈവരീതിയിലാണ് കൃഷി. ഗോമൂത്രം, ചാണകം, ശര്‍ക്കര, ചെറുപഴം, വേപ്പിന്‍ പിണ്ണാക്ക്, കടല പിണ്ണാക്ക് എന്നിവയുടെ മിശ്രിതങ്ങള്‍ പാകപ്പെടുത്തിയാണ് വളം ചെയ്യുന്നത്. മാത്യുവിന്റേയും ഹെലന്റെയും കഠിനാധ്വാനത്താല്‍ കുന്നിന്‍മുകളില്‍ നെല്‍ചെടികള്‍ പച്ചവിരിച്ചു.
ഡല്‍ഹിയിലെ മെഡിക്കല്‍ റെപ്രസന്റേറ്റീവ് ജോലി ഉപേക്ഷിച്ചാണ് സയന്‍സ് ബിരുദധാരിയായ മാത്യു കൃഷിയിലേക്കിറങ്ങിയത്. ഇഞ്ചി കൃഷി നടത്തിയായിരുന്നു തുടക്കം. ആരംഭത്തില്‍ മികച്ച വരുമാനം ലഭിച്ചെങ്കിലും പിന്നീട് നഷ്ടത്തിലായി കടം വര്‍ദ്ധിച്ചു. വീട് നിര്‍മ്മാണത്തിനായി ഇറക്കിയ കല്ലുകള്‍വരെ വിറ്റു. എന്നാലും കൃഷി ഉപേക്ഷിച്ചില്ല. സ്വന്തമായി അഞ്ചേക്കറോളം കൃഷിയിടമുണ്ട്. വയലിലും നെല്‍കൃഷിയുണ്ട്. കാപ്പി, ഏലം, കുരുമുളക്, ഗ്രാമ്പു തുടങ്ങിയ വിളകളുമുണ്ട്. കരനെല്‍കൃഷി ചെയ്യുന്ന സ്ഥലത്ത് നേരത്തെ കശുമാവും റബറുമായിരുന്നു. ഇവ രണ്ടും നഷ്ടത്തിലായതോടെ മുറിച്ചു മാറ്റി. പിന്നീട് സ്ഥലം കാടുമൂടി. ഇത് പാകപ്പെടുത്തിയാണ് ആദ്യമായി കരനെല്‍കൃഷി തുടങ്ങിയത്. വയലിലെ കുളത്തില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് കുന്നിന്‍ മുകളിലെ നെല്‍കൃഷിയിടത്തില്‍ എത്തിക്കും. സ്ഥലത്ത് വിളകള്‍ മാറി കൃഷിചെയ്യുന്നതാണ് ഈ കര്‍ഷകന്റെ രീതി. കരനെല്‍കൃഷി വിളവെടുത്താല്‍ ഇവിടെ പയര്‍ കൃഷി ആരംഭിക്കും. പിന്നീട് വീണ്ടും നെല്‍കൃഷി ചെയ്യുമെന്നും മാത്യു പറയുന്നു.