* ‘വിജ്ഞാനവസന്തം 2018’ സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു
ഇന്ത്യയുടെ മതനിരപേക്ഷതയുടെ പാരമ്പര്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുമ്പോള്‍ അവ പരിരക്ഷിക്കാനുള്ള ശ്രമമാണ് ചിന്തകരും എഴുത്തുകാരും നടത്തേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ‘വിജ്ഞാനവസന്തം 2018’ സാഹിത്യ സാംസ്‌കാരിക പുസ്തകോത്സവം വി.ജെ.ടി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടായ മുന്നേറ്റങ്ങളാണ് അവരുടെ ഭാവിയെ നിര്‍ണ്ണയിച്ചത്. എല്ലാ മത,സമുദായങ്ങളിലെ അനാചരണങ്ങളും അന്ധവിശ്വാസങ്ങളും നടമാടിയിരുന്നത് വിശ്വാസങ്ങുടെ പേരിലായിരുന്നു.  അവയെ തട്ടിമാറ്റി മുന്നോട്ടുപോയപ്പോഴാണ് അധുനികതയുടെ പിറവി സംഭവിച്ചത്. ആധുനികത ഇന്നും വലിയ വെല്ലുവിളി നേരിടുകയാണ്. ചരിത്ര ഗവേഷങ്ങള്‍ നടത്തുമ്പോള്‍ ആദ്യ ചെയ്യേണ്ടത് ഇന്നോളം ആ വിഷയത്തില്‍ എഴുതപ്പെട്ട പുസ്തകങ്ങളില്‍ എന്തൊക്കെ എഴുതിയിട്ടുണ്ടെന്ന് അറിയുകയാണ്്.  പഴമയെ സ്്നേഹിച്ചാല്‍ മാത്രം പോരാ അതിനെ സൂക്ഷിക്കാനുളള മനസ്സുകൂടി ഉണ്ടാവണം.
ഭാഷാ, സാഹിത്യം എന്നിവയില്‍ മാത്രം ഒതുങ്ങാതെ ഇതര മേഖലകളെ ഉര്‍ക്കൊള്ളുന്ന പുസ്തകങ്ങളും ഡിജിറ്റല്‍ രൂപങ്ങളും ഉള്‍ക്കൊള്ളുന്ന വെബ് പോര്‍ട്ടലിന്റെ സാധ്യത ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡോ.ആര്‍.രഘുനാഥന്‍ രചിച്ച മലയാള ഭാഷോല്‍പ്പത്തി: വിവരണാത്മക സൂചിക, സാഹിത്യപഠന രേഖകള്‍, എസ്.രാമചന്ദ്രന്‍ നായര്‍ രചിച്ച അധിനിവേശ കേരളത്തിലെ ഭൂപരിഷ്‌കരണവും സാമൂഹിക പരിവര്‍ത്തനവും എന്നീ പുസ്തകങ്ങള്‍ യഥാക്രമം ഡോ. എസ്. ശ്രീദേവി, ഡോ. സി.ആര്‍. പ്രസാദ്, ഡോ. ബി. മിനിദേവി എന്നിവര്‍ക്ക്് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. ഡോ.നടുവട്ടം ഗോപാലകൃഷ്ണന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ഷിബു ശ്രീധര്‍, റിസര്‍ച്ച് ഓഫീസര്‍ കെ.ആര്‍. സരിതകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു. നവംബര്‍ 21ന് പുസ്തകോത്സവം സമാപിക്കും.