സെന്റർ ഓഫ് എക്‌സലൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസ് (സി.ഒ.ഇ.എൻ) ന്റെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പിണ
റായി വിജയൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ കേന്ദ്രത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഡോ. കെ. പി. സുധീറും മുഖ്യ ശാസ്ത്രജ്ഞയായ ഡോ. റൂബി ജോൺ ആന്റോയും ചേർന്നാണ് ലോഗോ മുഖ്യമന്ത്രിക്ക് കൈമാറിയത്.

2022-23 ലെ സംസ്ഥാന ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച സി.ഒ.ഇ.എൻ. നിലവിൽ തോന്നയ്ക്കലിലെ ബയോ360 ലൈഫ് സയൻസ് പാർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) കാമ്പസിലാണ് താൽക്കാലികമായി പ്രവർത്തനം ആരംഭിച്ചത്. ശരീരത്തിന് രോഗനിവാരകമോ രോഗപ്രതിരോധകമോ ആരോഗ്യ സംരക്ഷകമോ ആയ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന പ്രകൃതിജന്യമായ പോഷകങ്ങളാണ് ന്യൂട്രാസ്യൂട്ടിക്കലുകൾ. ഇവയുടെ ഗുണങ്ങൾ വിലയിരുത്തുകയും, ജൈവ സുരക്ഷ ഉറപ്പാക്കുകയും അനുയോജ്യമായവയെ വാണിജ്യവൽക്കരിച്ചു ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് കേരള സർക്കാരിന്റെ പുതിയ സംരംഭമായ സെന്റർ ഓഫ് എക്‌സെല്ലെൻസ് ഇൻ ന്യൂട്രാസ്യൂട്ടിക്കൽസിന്റെ ലക്ഷ്യം. ഇതിനായി പ്രത്യേക ലബോറട്ടറികൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

അടിയന്തിര ആരോഗ്യ വെല്ലുവിളികളായ ജീവിതശൈലീ രോഗങ്ങളെ നേരിടുന്നതിന് ന്യൂട്രാസ്യൂട്ടിക്കലുകളെ ഗവേഷണത്തിനും വ്യവസായത്തിനും ഇടയിലുള്ള വിടവ് നികത്തി ഒരു ഗവേഷണ വ്യവസായ ഇന്റർഫേസ് സ്ഥാപിക്കാനും ഈ കേന്ദ്രം ലക്ഷ്യമിടുന്നു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തനും ശാസ്ത്രജ്ഞരും ചടങ്ങിൽ സന്നിഹിതരായി.