സംസ്ഥാന സർക്കാരിന്റെ 2022ലെ സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറൽ റിപ്പോർട്ടിംഗിൽ മലയാള മനോരമ സ്പെഷ്യൽ കറസ്പോണ്ടന്റ് സി.കെ. ശിവാനന്ദനാണ് അവാർഡ്. ‘ഇങ്ങനെ ചെയ്യരുത്, ഈ മക്കളോട്’ എന്ന വാർത്തയ്ക്കാണ് അവാർഡ്. മാതൃഭൂമിയിലെ അസിസ്റ്റന്റ് കണ്ടന്റ് മാനേജർ രമ്യ കെ.എച്ച് തയ്യാറാക്കിയ ‘നീതിദേവതേ കൺതുറക്കൂ’ എന്ന വാർത്ത ജൂറി സ്പേഷ്യൽ മെൻഷന് അർഹമായി. വികസനോൻമുഖ റിപ്പോർട്ടിംഗിൽ മെട്രോ വാർത്ത അസോസിയേറ്റ് എഡിറ്റർ എം.ബി. സന്തോഷിനാണ് അവാർഡ്. ‘കേരളം കാണാത്ത കാഴ്ചകൾ’ എന്ന വാർത്തയാണ് അവാർഡിന് അർഹമായത്. ഫോട്ടോഗ്രഫി വിഭാഗത്തിൽ ദേശാഭിമാനി ഫോട്ടോഗ്രാഫർ ജയകൃഷ്ണൻ ഓമല്ലൂരും മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ മനോജ് ചേമഞ്ചേരിയും അവാർഡിന് അർഹരായി. കാർട്ടൂൺ വിഭാഗത്തിൽ മലയാള മനോരമ ചീഫ് കാർട്ടൂണിസ്റ്റ് ബൈജു പൗലോസും കേരളകൗമുദി കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്തും അവാർഡിന് അർഹരായി.

ടെലിവിഷൻ വിഭാഗത്തിൽ ടിവി ന്യൂസ് റിപ്പോർട്ടിംഗിൽ മാതൃഭൂമി ന്യൂസിലെ ജി. പ്രശാന്ത്കൃഷ്ണയ്ക്കാണ് അവാർഡ്. ‘ജി.എസ്.ടി ചോരുന്ന വഴികൾ’ എന്ന വാർത്തയ്ക്കാണ് അവാർഡ്. മനോരമ ന്യൂസ് സീനിയർ കറസ്പോണ്ടന്റ് ജസ്റ്റീന തോമസിന് ജൂറി സ്പെഷ്യൽ മെൻഷൻ ലഭിച്ചു. വൃദ്ധമാതാപിതാക്കളെ ആശുപത്രികളിൽ നടതള്ളുന്ന വാർത്തയ്ക്കാണ് അവാർഡ്. ടിവി സാമൂഹിക ശാക്തീകരണ റിപ്പോർട്ടിംഗിൽ ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോർട്ടർ വിനീത വി.പി. അവാർഡിന് അർഹയായി. .അവൾ ഒരുത്തീ’ എന്ന വാർത്തയ്ക്കാണ് അവാർഡ്. ടിവി ന്യൂസ് എഡിറ്റിങ്ങിൽ മനോരമ ന്യൂസ് സീനിയർ വീഡിയോ എഡിറ്റർ ബിനോജ് എൻ അവാർഡിന് അർഹനായി. ‘ജീവനാണ്, തിരിച്ചു തരണം’ എന്ന വാർത്ത എഡിറ്റ് ചെയ്തതിനാണ് അവാർഡ്. ടിവി ന്യൂസ് ക്യാമറയിൽ മാതൃഭൂമി ന്യൂസ് സീനിയർ ക്യാമറാമാൻ കെ.വി. ഷാജുവിനാണ് അവാർഡ്. നാമാവശേഷമാകുന്ന പാറക്കുളങ്ങളെക്കുറിച്ചുള്ള വിഷ്വലിനാണ് അവാർഡ്. ടിവി അഭിമുഖത്തിൽ കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റർ വി. എസ്. രാജേഷ് കൗമുദി ടിവിയ്ക്കു വേണ്ടി ടി. പദ്മനാഭനുമായി നടത്തിയ അഭിമുഖം അവാർഡിന് അർഹമായി. ടിവി ന്യൂസ് പ്രസന്റർ വിഭാഗത്തിൽ 24 ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ എസ്. വിജയകുമാറിനാണ് അവാർഡ്.

പ്രിന്റ് മീഡിയ വിഭാഗത്തിൽ എ.ജി. ഒലീന, ജോൺമേരി, കെ.പി. രവീന്ദ്രനാഥ് എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിർണയിച്ചത്. കാർട്ടൂൺ വിഭാഗത്തിൽ പി.എസ്. റംഷാദ്, സുബിഷ് സുധി, കെ.വി. കുഞ്ഞിരാമൻ എന്നിവരായിരുന്നു ജൂറി. ടെലിവിഷൻ വിഭാഗത്തിൽ മനോജ്കുമാർ കെ., ടി.എം. ഹർഷൻ, സണ്ണിജോസഫ് എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിർണയിച്ചത്.