കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1 .50 കോടി രൂപ വകയിരുത്തി മടികൈ ഗ്രാമ പഞ്ചായത്തില്‍ എരിക്കുളത്തു നിര്‍മിച്ച കെ.എം സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു.
സ്വാതന്ത്ര്യ സമര സേനാനിയും ദീര്‍ഘകാലം മടികൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പ്രമുഖ സഹകാരിയും ആയിരുന്ന കെ.എം കുഞ്ഞിക്കണ്ണന്റെ പേരിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. എരിക്കുളം കോളിക്കുന്ന് റോഡ് ജംഗ്ഷനില്‍ കെ.എം സ്മാരക ലൈബ്രറി സൗജന്യമായി നല്‍കിയ 15 സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്. പരിസ്ഥിതി സൗഹൃദ നിര്‍മ്മാണത്തിന് മുന്‍തൂക്കം നല്‍കുന്ന നിര്‍മ്മാണ ഏജന്‍സിയായ ആയ ഹാബിറ്റാറ്റ് ടെക്നോളജി നിര്‍മ്മാണം പൂര്‍ത്തിയാക്കി.
രണ്ടു നിലകളിലായി 3945 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ഓഫീസ് മുറി, ലൈബ്രറി, റീഡിങ് റൂം, സ്റ്റേജോട് കൂടിയ ഹാള്‍, ടോയ്‌ലറ്റുകള്‍, ഇന്റര്‍ലോക്ക് പാകിയ മുറ്റം, ഗേറ്റോടു കൂടിയ ചുറ്റുമതില്‍, പൂന്തോട്ടം, കുഴല്‍ കിണര്‍ എന്നിവ ഉള്‍പ്പെടുന്നു. കെട്ടിടത്തിന്റെ പുറം ചുമരുകളുടെ മധ്യഭാഗത്തായി ഒന്നര മീറ്ററിലധികം വീതീയില്‍ ഒപ്പനയും കഥകളിയും തെയ്യവും ഉള്‍പ്പെടെ ജില്ലയുടെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന മ്യൂറല്‍ ചിത്രങ്ങള്‍ തയാറാക്കിയിരിക്കുന്നത് പയ്യന്നൂര്‍ സ്വദേശിയായ ബിജു പാണപ്പുഴയാണ്. ഭാവിയിലെ ആസൂത്രണ-റെഫറന്‍സ് ലൈബ്രറിയും പരിശീലന കേന്ദ്രവും ആകണം എന്ന ലക്ഷ്യത്തോടെയാണ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെ.എം സ്മാരക ജനകീയാസൂത്രണ രജത ജൂബിലി മന്ദിരം ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ എം.രാജാഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രവാസി വ്യവസായി മണികണ്ഠന്‍ മേലത്ത് മടിക്കൈ പാലിയേറ്റീവ് സൊസൈറ്റിക്ക് നല്‍കുന്ന ഹോം കെയര്‍ വാഹനത്തിന്റെ താക്കോല്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറുകയും മുഖ്യമന്ത്രി പാലിയേറ്റീവ് കെയര്‍ നേതൃത്വത്തിന് നല്‍കുകയും ചെയ്തു. മദര്‍ തെരേസ ഇന്റര്‍നാഷണല്‍ അവാര്‍ഡ് ജേതാവ് മണികണ്ഠന്‍ മേലത്തിനെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ പഞ്ചായത്തിന്റെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ രാജ്യസഭാഗം പി.വി അബ്ദുള്‍ വഹാബ് വഹാബ് ഇന്‍ഡസ് മോട്ടോര്‍സ് തൊഴിലാളികള്‍ സമാഹരിച്ച 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.