കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ, പ്രിൻസിപ്പൽ സയന്റിഫിക് ഓഫീസർ ഡോ. സി.എസ് വിമൽ കുമാർ, സയന്റിഫിക് ഓഫീസർ ഡോ. വി. ഉണ്ണികൃഷ്ണൻ, റിസർച്ച് ഓഫീസർ ഡോ. കെ. ശ്രീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഇരുപതാം വാർഷികവുമായി ബന്ധപ്പെട്ട് 20 മേഖലകളിലായി 20 പ്രവർത്തനങ്ങളാണ് 20-20 എന്ന പേരിൽ ബോർഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28ന് തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും.
ഇരുപതാം വാർഷികവുമായി ബന്ധപ്പെട്ട് കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടപ്പിലാക്കുന്ന പദ്ധതിയാണ് Every Child A Scientist and Artist (ECASA). 10 മുതൽ 16 വയസ്സുവരെ പ്രായമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് നടപ്പിലാക്കുന്ന പരിപാടിയാണിത്. കേരളത്തിലെ സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്ന മനോഭാവം ഉണ്ടാക്കിയെടുക്കുന്നതിനും വേണ്ടിയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.
കുട്ടികളെ ശാസ്ത്രീയമായ വിവിധ പഠനബോധന തന്ത്രങ്ങളിലൂടെയും ഫീൽഡ് സന്ദർശനങ്ങളിലൂടെയും മികച്ച ശാസ്ത്രജ്ഞരും കലാകാരന്മാരും ആക്കി മാറ്റാൻ ഇതിലൂടെ ബോർഡ് ലക്ഷമിടുന്നു. പരിസ്ഥിതി ബോധമുള്ള അടുത്ത തലമുറയെ ശാക്തീകരിക്കുന്നതിന് ഊന്നൽ നൽകി രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പരിപാടി ബോർഡിന്റെ വള്ളക്കടവ് ജൈവവൈവിധ്യം മ്യൂസിയം കേന്ദ്രീകരിച്ചാണ് നടത്തുന്നത്. കുട്ടികളെ കൂടാതെ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങി താൽപര്യമുള്ളവർക്ക് പങ്കെടുക്കാം.