വേനൽ അവധിക്ക് അത്യാവശ്യമെങ്കിൽ മാത്രം സ്‌പെഷ്യൽ ക്ലാസുകൾ നടത്താൻ നിർദേശം

കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഉഷ്ണകാല പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നത് വിലയിരുത്താൻ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. സ്‌കൂളുകളിൽ വാർഷിക പരീക്ഷകളുടെ സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. പരീക്ഷ ഹാളുകളിൽ കുടിവെള്ള ലഭ്യതയും വായുസഞ്ചാരവും ഉറപ്പ് വരുത്തണം. വേനൽ അവധി സമയങ്ങളിൽ അത്യാവശ്യമെങ്കിൽ മാത്രം സ്‌പെഷ്യൽ ക്ലാസുകൾ നടത്തുക, താപനിലയ്ക്കനുസരിച്ച് സമയക്രമം (11 മണി മുതൽ 3 മണി വരെ ഒഴികെ) പുനഃക്രമീകരിക്കണം.

എല്ലാ വിദ്യാലയങ്ങളിലെയും ക്ലാസ് മുറികളിൽ ഫാനുകളും കൃത്യമായ വായു സഞ്ചാരവും ഉറപ്പുവരുത്തണം. ചൂട് കാഠിന്യമേറിയ സമയങ്ങളിൽ ട്യൂഷൻ ക്ലാസ്സുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവ നടത്താതിരിക്കുക. വിദ്യാർത്ഥികളുടെ യാത്ര ഈ സമയങ്ങളിൽ പരമാവധി ഒഴിവാക്കുകയും ചെയ്യണം. ‘വാട്ടർ ബെൽ’ സമ്പ്രദായം മുഴുവൻ വിദ്യാലയങ്ങളിലും നടപ്പിലാക്കാൻ നടപടി സ്വീകരിക്കണം. സൂര്യാഘാതമേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ സംബന്ധിച്ച് അധ്യാപകർക്കും ജീവനക്കാർക്കും പരിശീലനം നൽകണം. വിദഗ്ധരുടെ നിർദേശം പരിഗണിച്ച് വിദ്യാർഥികളിൽ യൂണിഫോമുകളിൽ ഷൂസ്, സോക്‌സ്, ടൈ തുടങ്ങിയവയിൽ ഇളവ് നൽകണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിർദേശങ്ങൾ നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ട്രൈബൽ സ്‌കൂളുകളിലെ കുട്ടികൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കി കൊടുക്കണമെന്ന് പട്ടിക ജാതി, പട്ടിക വർഗ വികസന വകുപ്പുകൾക്ക് നിർദേശം നൽകി.

വേനൽക്കാല ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത അതോറിറ്റി നിർദ്ദേശിച്ചിട്ടുള്ള ഹ്രസ്വകാല, ദീർഘകാല പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിന് നിർദേശം നൽകി. കുടിവെള്ള ക്ഷാമം നേരിടാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പഞ്ചായത്ത് തലത്തിൽ കുടിവെള്ള വിതരണം നടപ്പിലാക്കണം. ജില്ലയിലെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിൽ റാപിഡ് ഫയർ സേഫ്റ്റി ഓഡിറ്റ് സമയബന്ധിതമായി നടപ്പിലാക്കി സുരക്ഷ ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി. ഹെൽത്ത് സെന്ററുകളിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് വേനൽക്കാല രോഗങ്ങളെ കുറിച്ചുള്ള ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കണം.

കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് തൊഴിലാളികളിലേക്ക് ഉഷ്തരംഗങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകൾ എത്തിക്കണമെന്ന് ലേബർ ഓഫീസിന് നിർദേശം നൽകി. ജോലിസ്ഥലങ്ങളിൽ ജലലഭ്യത ഉറപ്പുവരുത്തണം. അതിഥി തൊഴിലാളികൾക്കുള്ള നിർദ്ദേശങ്ങൾ ഇതര ഭാഷകളിൽ ലഭ്യമാക്കണമെന്നും യോഗം നിർദേശിച്ചു. ജലക്ഷാമം രൂക്ഷമായ അനുഭവപ്പെടുന്ന പ്രദേശങ്ങൾ, കൃഷിയിടങ്ങൾ കണ്ടെത്തണമെന്ന് കൃഷിവകുപ്പിനോട് നിർദേശിച്ചു. ജലസേചനത്തിന് കണികാജലസേചനം പോലുള്ള മാർഗങ്ങൾ സ്വീകരിക്കാൻ പറ്റുന്ന കൃഷിയിടങ്ങളിൽ വേണ്ട സഹായങ്ങൾ ലഭ്യമാക്കുക. ഭൂഗർഭജല വിനിയോഗം കൃഷിക്കായി ഉപയോഗിക്കുന്നത് കുറയ്ക്കുവാനും ജലസേചനത്തേക്കാൾ കുടിവെള്ളത്തിനു മുൻഗണന നൽകേണ്ടതിനെ കുറിച്ചും കൃഷിക്കാരെ ബോധവൽക്കരിക്കണം. കുടിവെള്ളക്ഷാമം നേരിടാൻ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി പ്രദേശങ്ങളിൽ പഞ്ചായത്ത് തലത്തിൽ കുടിവെള്ള വിതരണം നടപ്പിലാക്കാൻ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടു.

ജില്ലയിൽ കൺട്രോൾ റും പ്രവർത്തനക്ഷമമാക്കണം. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതതയിലുള്ള കെട്ടിങ്ങളിൽ സരക്ഷ ഉറപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു. ഏറ്റവും രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പിന് നിർദേശം നൽകി. അത്യുഷ്ണ സമയങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് കുട്ടികൾ, ഗർഭിണികൾ, നവജാത ശിശു, മുലയൂട്ടുന്ന അമ്മമാർ, വനിതകൾ, രോഗികൾ, പ്രായമായവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക ബോധവൽക്കരണം നല്കാൻ വനിതാ-ശിശുക്ഷേമ വകുപ്പിന് നിർദേശം നൽകി. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലേക്ക് ബോധവൽക്കരണ ക്യാമ്പയിനും ആവശ്യമായ ശുദ്ധജലം, മരുന്നുകൾ തുടങ്ങിയവ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സാമൂഹിക നീതി വകുപ്പിനോട് നിർദേശിച്ചു. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും തണലും കുടിവെള്ളവും വീടുകളിലും ഫാമുകളിലും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മൃഗസംരക്ഷണ വകുപ്പിനും വനത്തിലെ ജലസ്രോതസ്സുകൾ, കാട്ടരുവി, പുഴ കുളങ്ങൾ തുടങ്ങിയവ വേനൽക്കാല മുന്നോടിയായി വൃത്തിയാക്കുകയും പുനരുജീവിപ്പിക്കുകയും ചെയ്യാൻ വനം വന്യജീവി സംരക്ഷണ വകുപ്പിനും നിർദേശം നൽകി.