* വേസ്റ്റത്തോൺ 2025: രജിസ്‌ട്രേഷൻ ആരംഭിച്ചു

മാലിന്യസംസ്‌കരണ രംഗത്തെ പുതിയ ആശയങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്നതിനും ഈ രംഗത്തെ കേരളത്തിന്റെ സവിശേഷതകൾ അവതരിപ്പിക്കുന്നതിനുമായി ”വൃത്തി 2025 – ദി ക്ലീൻ കേരള കോൺക്ലേവ്” ഏപ്രിൽ 9 മുതൽ 13 വരെ തിരുവനന്തപുരം കനകക്കുന്നിൽ സംഘടിപ്പിക്കും. ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ ഭാഗമായ തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഏകോപന ചുമതല സംസ്ഥാന ശുചിത്വമിഷനാണ്. ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘വേസ്റ്റത്തോൺ 2025’ ന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഖര ദ്രവ മാലിന്യപരിപാലന മേഖലയിലെ പ്രധാന വെല്ലുവിളികൾ പരിഹരിക്കുന്നതിന് നൂതന സംവിധാനങ്ങൾ വികസിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. വിദ്യാർഥികൾ, കോളേജുകൾ, സ്റ്റാർട്ടപ്പുകൾ, ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ മുതൽ പൊതുജനങ്ങൾ വരെയുള്ളവരുടെ ആശയങ്ങൾ പ്രശ്‌ന പരിഹാര മാർഗ്ഗങ്ങൾ രൂപപ്പെടുത്തുന്നതിന് പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു വേദിയാണിത്.

ഖര മാലിന്യ വിഭാഗത്തിൽ ജൈവ മാലിന്യങ്ങൾ, പുനരുപയോഗിക്കാ നാവാത്ത പ്ലാസ്റ്റിക് തുടങ്ങി വിവിധതരം ഖര മാലിന്യങ്ങളുടെ സംസ്‌കരണം പാക്കേജിംഗിനായി, പ്ലാസ്റ്റിക് രഹിത മാർഗങ്ങൾ മുതലായ തീമുകളുടെ അടിസ്ഥാനത്തിലാണ് മത്സരം.

ദ്രവ മാലിന്യ വിഭാഗത്തിൽ സുസ്ഥിരവും പ്രകൃതി-സൗഹൃദപരവുമായ മാലിന്യ പരിപാലന മാർഗങ്ങൾ, സ്മാർട്ടും വലുപ്പം കുറഞ്ഞതും കാര്യക്ഷമവുമായ സംവിധാനങ്ങൾ, മലിനജലത്തിൽ നിന്നും വിഭവങ്ങൾ വീണ്ടെടുക്കൽ എന്നീ തീമുകളുടെ അടിസ്ഥാനത്തിലാണ് മൽസരങ്ങൾ.

വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, സംഘടനകളും പൊതു ജനങ്ങളും എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്. ഓരോ വിഭാഗങ്ങളിലും 1, 2, 3 സ്ഥാനം കരസ്ഥമാക്കുന്നവർക്ക് യഥാക്രമം 1,00,000 രൂപ, 50,000 രൂപ 30,000 രൂപ സമ്മാനമായി ലഭിക്കും. മൽസരത്തിൽ പങ്കെടുക്കുന്നതിനായി vruthi.in എന്ന് സൈറ്റിൽ ഇതു സംബന്ധിച്ച ലിങ്കിലുള്ള ഫോറം പൂരിപ്പിച്ച് സമർപ്പിക്കണം. അവസാന തീയതി മാർച്ച് 23. കൂടുതൽ വിവരങ്ങൾക്ക് vruthi.in സന്ദർശിക്കാം.