ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന പരിസ്ഥിതിസംഗമം 24ന് വൈകുന്നേരം നാല് മണിക്ക് ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നവകേരളത്തിനായി ജലസുരക്ഷ സമീപന രേഖയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച്ചവെച്ച വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും ആദരവ് നൽകും. നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ മൊബൈൽ ആപ് പ്രകാശനവും ക്യാമ്പയിൻ മാർഗരേഖ പ്രകാശനവും ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. നവകേരളത്തിന്റെ പരിസ്ഥിതി മികവുകൾ പ്രബന്ധ സമാഹാരം പ്രകാശനവും മാപത്തോണിന്റെ ഭാഗമായി തയ്യാറാക്കിയ ഭൂപടം പ്രകാശനവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ആന്റണി രാജു എം.എൽ.എ, ശശിതരൂർ എം.പി എന്നിവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ നവകേരളം ന്യൂസ് ലെറ്ററിന്റെ 50- ാം പതിപ്പ് പ്രകാശനം ചെയ്യും.

പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സെക്രട്ടറി എസ്. ഹരികിഷോർ, തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ കെ.എസ്.ഡബ്യു.എം.പി. പ്രോജക്ട് ഡയറക്ടർ ഡോ.ദിവ്യ എസ്. അയ്യർ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി. ജോസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും. നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ.ടി.എൻ. സീമ സ്വാഗതവും പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ രജത്ത് നന്ദിയും പറയും.

ജലസുരക്ഷ, പരിസ്ഥിതി പുനസ്ഥാപനം, മാലിന്യപരിപാലനം എന്നീ മേഖലകളിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പരിസ്ഥിതി സംഗമം സംഘടിപ്പിക്കുന്നത്.