മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്ത ത്തിൽ വീട് നഷ്ടമായവർക്കുള്ള സ്‌നേഹ ഭവനങ്ങൾക്ക് ഇന്ന് (മാർച്ച് 27) തറക്കല്ലിടും. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിർമ്മിക്കുന്ന മാതൃക ടൗൺഷിപ്പ് ശിലാസ്ഥാപനം വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൽപ്പറ്റ ബൈപ്പാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയിൽ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1,000 ചതുരശ്ര അടിയിൽ ഒറ്റനിലയിൽ ക്ലസ്റ്ററുകളിലായാണ് വീടുകൾ നിർമ്മിക്കുന്നത്.
എൽസ്റ്റണിൽ തയ്യാറാക്കുന്ന ടൗൺഷിപ്പിൽ മാതൃക വീടുകൾക്ക് പുറമെ ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവയും ഉൾപ്പെടുന്നു. 1,000 ചതുരശ്ര അടിയിലാണ് വീടുകൾ നിർമ്മിക്കുന്നത്. ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരു നില നിർമ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവയാണ് ടൗൺഷിപ്പിലെ വീടുകളിലുള്ളത്. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒ.പി ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങൾ സജ്ജീകരിക്കും. ക്ലാസ് മുറി, കളി സ്ഥലം, ഡൈനിങ് റൂം, സ്റ്റോർ, അടുക്കള, അങ്കണവാടിക്ക് അകത്തും പുറത്തും കളിസ്ഥലം എന്നിവയാണ് അങ്കണവാടിയിലുണ്ടാവുക. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, കുട്ടികൾക്ക് കളിസ്ഥലം, പാർക്കിങ് എന്നിവ സജ്ജീകരിക്കും. മൾട്ടി പർപ്പസ് ഹാൾ, കളിസ്ഥലം, ലൈബ്രറി, സ്പോർട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ എന്നിവ കമ്മ്യൂണിറ്റി സെന്ററിൽ നിർമ്മിക്കും.
എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന പരിപാടിയിൽ റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷനാകും. വിവിധ വകുപ്പ് മന്ത്രിമാരായ ഒ ആർ കേളു, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാർ, പി എ മുഹമ്മദ് റിയാസ്, പ്രിയങ്കാഗാന്ധി എം.പി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ടി സിദ്ദിഖ് എം.എൽ.എ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പുനരധിവാസ ടൗൺഷിപ്പ് തറക്കല്ലിടലിൽ പങ്കെടുക്കാൻ ഗുണഭോക്താക്കൾക്ക് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.