* സംസ്ഥാനത്തിന്റെ എഎംആർ പ്രതിരോധം ലോകോത്തര നിലവാരത്തിൽ

ആന്റിബയോട്ടിക്ക് മരുന്നുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ കേരളം മാതൃകയെന്ന് പ്രമുഖ പരിസ്ഥിതി സംഘടനയായ സെന്റർ ഫോർ സയൻസ് എൻവയൺമെന്റ് (സിഎസ്ഇ) റിപ്പോർട്ട്. സിഎസ്ഇ പുറത്തിറക്കിയ ഇന്ത്യയുടെ പാരിസ്ഥിതിക തൽസ്ഥിതി 2025 റിപ്പോർട്ടിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഈ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും ലോകോത്തര നിലവാരം പുലർത്തുന്നുവെന്നുമുള്ള വിലയിരുത്തൽ. കേരളം എ.എം.ആർ. പ്രതിരോധത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ രാജ്യാന്തര ശ്രദ്ധ നേടുന്നത് അഭിമാനകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

രോഗാണുക്കൾ ആന്റിബയോട്ടിക് മരുന്നുകളെ അതിജീവിക്കുന്ന ആഗോള ഭീഷണി മുന്നിൽ കണ്ട് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എ.എം.ആർ.) രംഗത്ത് കേരളത്തിന്റെ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണമെന്നും രാജ്യമെമ്പാടും ഇത്തരം പ്രവർത്തനങ്ങൾ നടക്കണമെന്നും റിപ്പോർട്ട് പുറത്തിറക്കിയ സിഎസ്ഇ മേധാവി സുനിതാ നാരായൺ അഭിപ്രായപ്പെട്ടിരുന്നു. ആന്റിബയോട്ടിക്കുകൾ ഫലപ്രദമാകാത്ത അണുബാധകൾ കാരണം ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളാണ് വർഷംതോറും മരണമടഞ്ഞുകൊണ്ടിരിക്കുന്നത്. ഈ ഭീഷണി ഇനിയുള്ള വർഷങ്ങളിൽ വർദ്ധിക്കും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

എഎംആറിനെ പ്രതിരോധിക്കാൻ വിവിധ പ്രവർത്തനങ്ങൾ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്നു. സംസ്ഥാനത്തെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ അണുബാധകളുമായി എത്തിച്ചേരുന്നവരിൽ എത്ര തോതിൽ ആന്റിബയോട്ടിക് അതിജീവന ഭീഷണിയുണ്ട് എന്ന്  തുടർച്ചയായി വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ആന്റിബയോട്ടിക് സ്റ്റുവർഡ്ഷിപ്പ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ആന്റി മൈക്രോബിയൽ അതിജീവനം ഉയർത്താൻ സാധ്യതയുള്ള ആന്റിബയോട്ടിക്കുകൾ (റിസർവ്) അങ്ങനെ അല്ലാത്ത ആന്റിബയോട്ടിക്കുകൾ (ആക്സസ്, വാച്ച്) പരാജയപ്പെടുന്ന ഘട്ടത്തിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യവും  ആശുപത്രികളിൽ ഉറപ്പാക്കുന്നുണ്ട്. അതോടൊപ്പം ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കാൻ പാടില്ല എന്ന സർക്കാർ നിർദ്ദേശവും ഏതാണ്ട് പൂർണമായി നടപ്പാക്കാൻ കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിൽ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവുണ്ടായി. ഉപയോഗിക്കപ്പെടുന്നത് താരതമ്യേന ഭീഷണി കുറഞ്ഞ ആന്റിബയോട്ടിക്കുകളാണ് എന്ന് ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്.

എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. എല്ലാ പഞ്ചായത്തുകളേയും ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകളാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഈ പ്രവർത്തനങ്ങൾ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. ഇത് മറ്റ് സംസ്ഥാനങ്ങളും മാതൃകയാക്കുന്നത് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന ആഗോള ഭീഷണിയെ അഭിമുഖീകരിക്കാൻ രാജ്യത്തെ കൂടുതൽ പ്രാപ്തമാക്കുമെന്ന് സി.എസ്.ഇ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.