സംസ്ഥാന വനിത വികസന കോർപറേഷന്റെ 2023-24 സാമ്പത്തിക വർഷത്തെ ലാഭ വിഹിതം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജിന്റെ സാന്നിധ്യത്തിൽ വനിത വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടിയാണ് ലാഭ വിഹിതം മുഖ്യമന്ത്രിയ്ക്ക് കൈമാറിയത്. കോർപറേഷന്റെ 2023-24 സാമ്പത്തിക വർഷത്തെ ലാഭം 11.07 കോടി രൂപയാണ്. സംസ്ഥാന സർക്കാരിന്റെ ലാഭ വിഹിതമായ 1,15,61,085 രൂപയുടെ ചെക്കാണ് കൈമാറിയത്.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുൻനിർത്തി വനിത വികസന കോർപറേഷൻ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ സാമ്പത്തിക വർഷം 36,105 വനിതകൾക്ക് 340 കോടി രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. ഇതിലൂടെ ഒരു ലക്ഷത്തിലധികം വനിതകൾക്ക് തൊഴിലവസരം സൃഷ്ടിക്കാനായി. തിരിച്ചടവിലും ഗണ്യമായ പുരോഗതി നേടാൻ കോർപറേഷനായി.

വായ്പ വിതരണത്തിന് പുറമെ, സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നിരവധി പദ്ധതികളും കോർപറേഷൻ അവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. വനിതാ ഹോസ്റ്റലുകൾ, വിദ്യാർത്ഥിനികൾക്കും യുവതികൾക്കും ഷീ പാഡ്, എം കപ്പ് വിതരണ പദ്ധതി, സംരംഭകത്വ വികസന പരിശീലനം, തൊഴിൽ നൈപുണ്യ പരിശീലനം, നഴ്‌സുമാർക്ക് വിദേശത്ത് അവസരമൊരുക്കുന്നതിനുള്ള അപ് സ്‌കിലിങ് പരിശീലനം, വിമൻ ഹെൽപ് ലൈൻ തുടങ്ങി വിവിധ പദ്ധതികൾ നടത്തുന്നു. ഇതിലൂടെ പ്രതിവർഷം 5 ലക്ഷത്തിലധികം സ്ത്രീകളിലേക്ക് വിവിധ സേവനങ്ങൾ എത്തിക്കുന്നുണ്ട്.

വനിത വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി., ഡയറക്ടർമാരായ ഷൈല സുരേന്ദ്രൻ, അനിത ടി.വി., പ്രകാശിനി വി.കെ., പെണ്ണമ്മ തോമസ്, ഗ്രേസ് എം.ഡി., ഷീബ ലിയോൺ എന്നിവർ സന്നിഹിതരായിരുന്നു.