സംസ്ഥാനത്തു സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ വികസിപ്പിച്ച എസ്ഡിജി ഡാഷ്‌ബോർഡും സ്റ്റേറ്റ് ഇൻഡിക്കേറ്റർ ഫ്രെയിംവർക്കും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. 2024 ൽ നീതി ആയോഗ് പ്രസിദ്ധീകരിച്ച എസ് ഡി ജി ഇന്ത്യ ഇൻഡക്സ് 2023-24ൽ കേരളം നാലാം തവണയും ഒന്നാം സ്ഥാനം നിലനിർത്തി. 2018 മുതൽ ഈ സൂചികയിൽ തുടർച്ചയായി ഒന്നാമതെത്തുന്ന ഏക സംസ്ഥാനം കേരളമാണ്. പ്രസ്തുത ഡാഷ്‌ബോർഡിൽ 17 ലക്ഷ്യങ്ങളും 169 അനുബന്ധ ലക്ഷ്യങ്ങളും ബന്ധപ്പെട്ട സൂചകങ്ങളും അവയുടെ 2016 മുതലുള്ള ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ സൂചകത്തിന്റെയും കൃത്യമായ പുരോഗതി മനസിലാക്കുവാനും അതനുസരിച്ചുള്ള പദ്ധതികൾ തയാറാക്കാനും മറ്റു അക്കാദമിക ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഡാഷ്‌ബോർഡ് തയ്യാറാക്കിയിരിക്കുന്നത്. സമസ്ത മേഖലകളിലെയും വിവരങ്ങൾ ഈ ഡാഷ്‌ബോർഡിൽ നിന്ന് ലഭ്യമാകുന്നത് വഴി സംസ്ഥാനത്തിന് കൃത്യമായ മോണിറ്ററിങ്ങിലൂടെ സുസ്ഥിര വികസനം എന്ന ലക്ഷ്യത്തിലേക്ക് എത്താൻ കഴിയും.
സംസ്ഥാനത്തെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ മുന്നേറ്റം കൃത്യമായി നിരീക്ഷിക്കാനായി 191 സൂചികകൾ, അവയുടെ ഉറവിടവും കാലയളവും ഉൾപ്പെടുത്തി തയ്യാറാക്കിയ സ്റ്റേറ്റ് ഇൻഡിക്കേറ്റർ ഫ്രെയിംവർക്കാണിത്. ദേശീയ തലത്തിൽ തയ്യാറാക്കുന്ന നാഷണൽ ഇൻഡിക്കേറ്റർ ഫ്രെയിംവർക്ക് (NIF) അടിസ്ഥാനപ്പെടുത്തിയാണ് വികസിപ്പിച്ചെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന വിവരശേഖരണം വഴി കൃത്യമായ പുരോഗതി വിലയിരുത്താനും അതനുസരിച്ചു പദ്ധതികൾ ആവിഷ്‌ക്കരിക്കാനും കഴിയും. സംസ്ഥാനത്തിന് മാത്രം ബാധകമായ മുൻഗണന സൂചകങ്ങളെ ഉൾപ്പെടുത്തി സ്റ്റേറ്റ് ഇൻഡിക്കേറ്റർ ഫ്രെയിംവർക്ക് പരിഷ്‌കരിച്ചുവരുന്നു.
മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന പ്രകാശന ചടങ്ങിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പദ്ധതി നിർവ്വഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സെക്രട്ടറി ഹരികിഷോർ, ഡയറക്ടർ മുഹമ്മദ് ഷെഫീഖ്, ജോയിന്റ് ഡയറക്ടർ രജത് ജി എസ്, അണ്ടർ സെക്രട്ടറി ഡോ. ശശികുമാർ പി, അസിസ്റ്റന്റ്‌റ് ഡയറക്ടർ സി ജി രാജേഷ്, റിസർച്ച് ഓഫീസർ പി കെ. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.