പാഠ്യപദ്ധതികള്‍ പരിഷ്‌കരിച്ച്സമഗ്ര വിദ്യാഭ്യാസ ഗുണമേന്മ പദ്ധതി അധ്യയന വര്‍ഷത്തില്‍ നടപ്പകുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. സമഗ്ര വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്-വാര്‍ഡ്തല വിദ്യാഭ്യാസ കമ്മിറ്റികള്‍  രൂപീകരിച്ച് സമ്പൂര്‍ണ്ണ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ അധ്യാപകര്‍, ജനപ്രതിനിധികള്‍, പിടിഎ സംയുക്തമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. മാനന്തവാടി ജി.യു.പി സ്‌കൂളില്‍ നടന്ന  സമഗ്ര വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെജില്ലാതലഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ രംഗത്ത് സ്വീകരിച്ച വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ്  സമഗ്ര വിദ്യാഭ്യാസ ഗണമേന്മ പദ്ധതി ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അക്കാദമിക പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് ഗുണമേന്മ ഉറപ്പാക്കല്‍, നിര്‍മ്മിത ബുദ്ധിയടക്കമുള്ള സാങ്കേതികവിദ്യാ സൗഹൃദ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തല്‍, വിദ്യാഭ്യാസ വകുപ്പിലെ വ്യത്യസ്ത ഏജന്‍സികളുടെ പ്രവര്‍ത്തന ഏകോപനം,  ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, അധ്യാപക-രക്ഷാകര്‍തൃ-സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി സംഘടിപ്പിക്കല്‍,  വിദ്യാഭ്യാസ ജനകിയ സമിതികളുടെ സഹകരണം, പിന്തുണ ഉറപ്പാക്കല്‍ എന്നിവയാണ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യങ്ങള്‍. സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഡയറ്റ്, സമഗ്ര ശിക്ഷ, പൊതുവിദ്യാഭ്യാസ വകുപ്പ്  തയ്യാറാക്കിയ നേരറിവ് പുസ്തകം മന്ത്രി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.വി ശശീന്ദ്രവ്യാസിന് കൈമാറി.

പൊതു വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി എട്ടാംതരത്തില്‍ എഴുത്ത് പരീക്ഷ നടത്തി 30 ശതമാനം മാര്‍ക്ക് ലഭിക്കാത്ത കുട്ടികളില്‍ സവിശേഷ ഇടപ്പെടലിലൂടെ അടുത്ത അധ്യായന വര്‍ഷം മുതല്‍ ബ്രിഡ്ജ് കോഴ്‌സുകള്‍, വേനലവധിക്കാലത്ത് പ്രത്യേക ക്ലാസുകള്‍ നല്‍കുമെന്ന് ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ. എം സെബാസ്റ്റ്യന്‍ പറഞ്ഞു. മാനന്തവാടിയില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡെപ്യൂട്ടി കളക്ടര്‍  എം.ബിജു, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എഡിവി ആര്‍ അപര്‍ണ്ണ, എസ്എസ്‌കെ ഡിപിസി  വി. അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ്  ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.