മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ഇരയായവർക്ക് ഇതേ വരെ 25.64 കോടി രൂപയാണ് പണമായി വിവിധ ഇനങ്ങളിൽ സംസ്ഥാന സർക്കാർ വിതരണം ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം നടന്ന് 32ാം ദിവസം തന്നെ ദുരന്തത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ പഠനം മേപ്പാടി സ്കൂളിൽ പുനരാരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള കേരള ബാങ്ക് ദുരിതബാധിതരുടെ ലോണുകൾ എഴുതിതള്ളി. ദേശസാൽകൃത ബാങ്കുകളും കടം എഴുതിത്തള്ളാനായി കേന്ദ്രസർക്കാറിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുകയാണ്.
രക്ഷാപ്രവർത്തനം വഴി മണ്ണിൽ പുതഞ്ഞ 630 പേരെ ജീവനോടെ രക്ഷപ്പെടുത്താനും 1300 ഓളം പേരെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റാനും സാധിച്ച അഭൂതപൂർവ്വമായ രക്ഷാപ്രവർത്തനമാണ് ദുരന്തമുഖത്ത് നടന്നത്.
ദുരന്തത്തിൽപ്പെട്ട് ചെളിയിൽ ആണ്ടുപോയ വെള്ളാർമല സ്വദേശി അവ്യക്‌ത് എന്ന ബാലൻ ഒരുതരത്തിൽ ആധുനിക വൈദ്യശാസ്ത്രം പുനർജനിപ്പിച്ച കുട്ടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വയനാട് പുനരധിവാസത്തിന് ജനങ്ങൾക്ക് സ്പോൺസർ ചെയ്യാൻ കഴിയുന്ന wayanadtownship.kerala.gov.in എന്ന പോർട്ടലിന്റെ ലോഞ്ചിങ്ങും പരിപാടിയിൽ മുഖ്യമന്ത്രി നിർവഹിച്ചു.