കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ ആനക്കയം മഞ്ഞാവ് കുടിവെള്ള പദ്ധതിയോട് ചേർന്ന് സ്ഥാപിച്ച ഹാപ്പിനെസ് പാർക്ക് നിർമാണം പൂർത്തിയായി. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ അഞ്ചുസെന്റ് സ്ഥലത്താണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കും വയോജനങ്ങൾക്കും കുടുംബങ്ങൾക്കും ഒത്തുകൂടലിനുള്ള ഇടം എന്ന നിലയിലാണ് ഹാപ്പിനെസ് പാർക്ക് നിർമ്മിച്ചിരിക്കുന്നത്.

വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി മൂന്നുലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം. ആനക്കയം കുടിവെള്ള പദ്ധതിയുടെ കിണറും പമ്പ്ഹൗസും സ്ഥിതിചെയ്യുന്ന പ്രദേശത്ത് നേരത്തെ ഉദ്യാനമൊരുക്കിയിരുന്നു. ഹാപ്പിനെസ് പാർക്കിന്റെ ഭാഗമായി കുട്ടികൾക്കുള്ള വിനോദോപാധികൾ, വയോജനങ്ങൾക്കുള്ള വ്യായാമ ഉപകരണങ്ങൾ എന്നിവയുണ്ട്. സുരക്ഷയുടെ ഭാഗമായി ആനക്കയം തോടിന്റെ കരയിൽ കൈവേലി തീർത്ത് ടൈൽ വിരിച്ചിട്ടുമുണ്ട്. ആനക്കയം തോടിന്റെ സൗന്ദര്യം ആസ്വദിച്ച് പാർക്കിൽ അൽപനേരം വിശ്രമിക്കാനും വിനോദത്തിനും പ്രദേശവാസികൾക്ക് ഒരിടമായി.