കുടുംബശ്രീയിലൂടെ സംസ്ഥാനത്ത് സൂക്ഷ്മസംരംഭ മേഖലയിൽ 3.23 ലക്ഷം വനിതകൾക്ക് തൊഴിൽ. 163458 സംരംഭങ്ങളിലൂടെയാണ് വനിതകൾക്ക് ഉപജീവനമാർഗം ഒരുക്കിനൽകിയത്. ഇതിൽ ഒരു ലക്ഷത്തിലധികം വ്യക്തിഗത സംരംഭങ്ങളും 50,000ൽ അധികം ഗ്രൂപ്പ് സംരംഭങ്ങളും ഉൾപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലെ K-LIFT ക്യാമ്പയിനിലൂടെ മാത്രം 34422 സംരംഭങ്ങൾ, അതിലൂടെ 61158 പേർക്ക് തൊഴിൽ നേടാനും കഴിഞ്ഞു. ഉത്പാദന മേഖലയിൽ 69484 സംരംഭങ്ങൾ, അംഗൻവാടികളിലേക്ക് അമൃതം ന്യൂട്രിമിക്സ് നൽകുന്ന 241 യൂണിറ്റുകൾ ഇതിലൂടെ 1680 വനിതകൾക്ക് വരുമാനം ഉറപ്പാക്കാനായി.
സേവന, വ്യാപാര മേഖലകളിലായി ഭക്ഷ്യ സംസ്‌കരണത്തിൽ 2685 സംരംഭങ്ങൾ, അജൈവ മാലിന്യ ശേഖരണത്തിന് 4438 ഹരിതകർമ്മ സേനകളിലെ 35214 വനിതകൾക്ക് ഉപജീവനം സാധ്യമായി. കെട്ടിട നിർമ്മാണം, സിമന്റ് കട്ട നിർമ്മാണം, ഐടി, ഡ്രൈവിംഗ് സ്‌കൂൾ തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ സംരംഭങ്ങൾ. യുവജനങ്ങൾക്കായി PM-YUVA പദ്ധതിയും സർക്കാർ സംസ്ഥാനത്ത് മികവോടെ നടപ്പാക്കുന്നു.

പാർശ്വവൽക്കരിക്കപ്പെട്ടവർക്കായി 1784 ‘പ്രത്യാശ’ യൂണിറ്റുകൾ തുടങ്ങി. പാവപ്പെട്ടവർക്ക് കുറഞ്ഞ വിലയ്ക്ക് ഊണ് നൽകുന്ന 1028 ജനകീയ ഹോട്ടലുകളിലൂടെ 5000 വനിതകൾക്ക് തൊഴിൽ സാധ്യമാക്കി. കാലാനുസൃതമായി പുതിയ സംരംഭങ്ങൾ ആരംഭിക്കാനും വനിതകളുടെ സംരംഭകത്വ ശേഷി വികസിപ്പിക്കാനും കുടുംബശ്രീ പ്രത്യേക പരിഗണന നൽകുന്നു.
288 ബ്രാൻഡഡ് കഫേകളും 13 ജില്ലകളിൽ പ്രീമിയം കഫേ റെസ്റ്റോറന്റുകളും ഇതിന് മികച്ച ഉദാഹരണമാണ്. വയോജന പരിചരണത്തിന് സഹായകരമാകുന്ന K4Care പദ്ധതിയിലൂടെ 605 പേർക്ക് ഇതിനകം തൊഴിൽ ലഭിച്ചു.
ഇതരവകുപ്പുകളും ഏജൻസികളുമായി സഹകരിച്ചും നിരവധി പദ്ധതികളുണ്ട്. മോട്ടോർ വെഹിക്കിൾ വകുപ്പുമായി ചേർന്ന് 51 ഇ-സേവാ കേന്ദ്രങ്ങൾ, വിവിധ വകുപ്പുകളിലും ഓഫീസുകളിലുമായി 343 കാന്റീനുകൾ അടക്കം 70ഓളം സഹകരണ പദ്ധതികൾ കുടുംബശ്രീ നടപ്പാക്കുന്നു.
പരിശീലനവും സാമ്പത്തിക സഹായവും നൽകി വനിതകളെ സ്വയംതൊഴിൽ സംരംഭകരാക്കുകയും കേരളത്തിലെ സ്ത്രീകളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് സാമ്പത്തികസ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ സമഗ്രവികസനത്തിന് ശക്തമായ അടിത്തറ നൽകുന്ന സംവിധാനമായി കുടുംബശ്രീ മാറിക്കഴിഞ്ഞു.
(കരുത്തോടെ കേരളം- 5)