ഭക്ഷ്യഭദ്രത ഉറപ്പാക്കിയ സംസ്ഥാനമെന്ന വലിയ നേട്ടത്തിലേക്ക് കേരളം ചുവടുകൾ വച്ചു കഴിഞ്ഞു. തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും റേഷൻ കാർഡ് ലഭ്യമാക്കുന്ന ചരിത്രനേട്ടത്തോടെയാണ് ഏവർക്കും റേഷൻ കാർഡ് പദ്ധതി നടപ്പാക്കിയത്.ഈ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മാത്രം 5,26,234 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്നതുൾപ്പെടെയുള്ള ക്ഷേമസ്ഥാപനങ്ങൾക്കായി 7992 കാർഡുകൾ നൽകി. ഇത്തരം സ്ഥാപനങ്ങൾക്ക് മാത്രമായി സംസ്ഥാനത്ത് ആകെ 28666 കാർഡുകൾ ലഭ്യമാക്കി. ട്രാൻസ്ജെൻഡർ വിഭാഗത്തിനും തെരുവോരത്ത് താമസിക്കുന്നവർക്കും താമസരേഖകളൊന്നും കൂടാതെ ആധാർ മാത്രം അടിസ്ഥാനമാക്കി കാർഡുകൾ വിതരണം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് അതിദരിദ്രരായി കണ്ടെത്തിയ 7316 പേരിൽ അർഹരായ മുഴുവൻ പേർക്കും റേഷൻകാർഡ് നൽകി. 100 ശതമാനം റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം പൂർത്തിയാക്കാൻ കഴിഞ്ഞ ആദ്യ സംസ്ഥാനമാണ് കേരളം. ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾക്ക് സംസ്ഥാനത്ത് നിന്ന് അവരുടെ റേഷൻ വിഹിതം കൈപ്പറ്റാൻ കഴിയുന്ന റേഷൻ റൈറ്റ്സ് കാർഡ് പദ്ധതി നടപ്പാക്കി. ട്രാൻസ്ജെൻഡർ വിഭാഗത്തിനും തെരുവോര വാസികൾക്കും ആധാർ അടിസ്ഥാനമാക്കി മാത്രം കാർഡുകൾ വിതരണം ചെയ്ത കേരളം, സാമൂഹിക നീതിയുടെയും ഉൾക്കൊള്ളലിന്റെയും മാതൃകയാകുന്നു.
വനമേഖലകൾ, ആദിവാസി നഗറുകൾ, ലേബർ സെറ്റിൽമെന്റുകൾ അടക്കം ഗതാഗത പ്രയാസങ്ങൾ നേരിടുന്ന വിദൂര പ്രദേശങ്ങളിൽ റേഷൻ വാസസ്ഥലങ്ങളിലെത്തിച്ചു നൽകുന്ന സഞ്ചരിക്കുന്ന റേഷൻ കടകളുടെ എണ്ണം 137 ആയി വർദ്ധിപ്പിച്ചു. റേഷൻകടകളിൽ നേരിട്ടെത്തി സാധനം കൈപ്പറ്റാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹായത്തോടെ റേഷൻ വീടുകളിലെത്തിച്ചു കൊടുക്കുന്ന ഒപ്പം പദ്ധതി നടപ്പാക്കി. ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരാത്ത മുൻഗണനേതര വിഭാഗങ്ങളെയും സർക്കാർ ചേർത്തുനിർത്തുന്നു, സംസ്ഥാനത്തിന് ലഭ്യമായ ഭക്ഷ്യവിഹിതത്തിൽ നിന്ന് സാധ്യമായ അളവിൽ അവർക്ക് ആനുകൂല്യങ്ങൾ നൽകുന്നു. പോഷകഭദ്രതയിലേക്ക് മുന്നേറുന്ന കേരളം, പൗരന്മാരുടെ അടിസ്ഥാനാവശ്യങ്ങൾ സംരക്ഷിക്കുന്നതിൽ വീണ്ടും മുൻപന്തിയിലാണെന്ന് ഈ നേട്ടങ്ങളിലൂടെ തെളിയിക്കുന്നു.
കരുത്തോടെ കേരളം -7