എസ്.എസ്.എൽ.സി പരീക്ഷാ ഫലം മെയ് 9 ന് പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യ നിർണ്ണയം കഴിഞ്ഞ് മാർക്ക് എൻട്രി നടപടികൾ പൂർത്തീകരിച്ചു.

എസ്.എസ്.എൽ.സി, റ്റി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകൾ 2025 മാർച്ച് മൂന്നിന് ആരംഭിച്ച് മാർച്ച് 26-നാണ് അവസാനിച്ചത്. സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികൾ (ആൺകുട്ടികൾ 2,17,696. പെൺകുട്ടികൾ 2,09,325) റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതി. സർക്കാർ മേഖലയിൽ 1,42,298 വിദ്യാർത്ഥികളും എയ്ഡഡ് മേഖലയിൽ 2,55,092 വിദ്യാർത്ഥികളും, അൺ എയിഡഡ് മേഖലയിൽ 29,631 വിദ്യാർത്ഥികളുമാണ് റഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയത്. ഗൾഫ് മേഖലയിൽ 682 വിദ്യാർത്ഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർത്ഥികളും പരീക്ഷ എഴുതി. ഓൾഡ് സ്‌കീമിൽ 8 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

റ്റി.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ 48 പരീക്ഷാകേന്ദ്രങ്ങളിലായി 3,057 വിദ്യാർത്ഥികൾ (ആൺകുട്ടികൾ 2,815. പെൺകുട്ടികൾ 242) പരീക്ഷ എഴുതി. എ.എച്ച്.എസ്.എൽ.സി. വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉളളത്. ആർട്ട് ഹയർ സെക്കണ്ടറി സ്‌കൂൾ കലാമണ്ഡലം, ചെറുതുരുത്തി എന്നിവിടങ്ങളിൽ അറുപത്തിയഞ്ച് വിദ്യാർത്ഥികളും. എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 206 വിദ്യാർത്ഥികളും റ്റി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രത്തിൽ 12 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയതെന്ന് മന്ത്രി അറിയിച്ചു.

ഗുണമേന്മാ വിദ്യാഭ്യാസം – അധിക പിന്തുണാ ക്ലാസ്സ്

എട്ടാം ക്ലാസ്സിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിന്റെ ഭാഗമായി 30 ശതമാനത്തിൽ കുറവായി സ്‌കോർ നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ ‘സമ്പൂർണ്ണ പ്ലസ്സ്’ വഴി ശേഖരിച്ചു. എട്ടാം ക്ലാസ്സിൽ സംസ്ഥാനത്തെ സർക്കാർ, എയിഡഡ് സ്‌കൂളുകളിൽ ആകെ 3,98,181 വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഇവരിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ഇ ഗ്രേഡ് ലഭിച്ചവർ 86,309 ആണ്. ഇതിൽ ഇ ഗ്രേഡിന് മുകളിൽ ഒരു വിഷയത്തിലും നേടാത്തവർ 5,516 ആണ്. ഏപ്രിൽ 8 മുതൽ 24 വരെ അധിക പിന്തുണ ക്ലാസ്സുകൾ നടത്തി. തുടർന്ന് 25 മുതൽ 30 വരെ പുനഃപരീക്ഷ നടക്കുകയാണ്. മെയ് 2 ന് പരീക്ഷ ഫലം പ്രസിദ്ധീകരിക്കും.

അധ്യാപക പരിശീലനം

പുതുക്കിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും മെയ് 13 മുതൽ 5 ദിവസം സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നൽകും ഹയർ സെക്കൻഡറി അധ്യാപകർക്കും, പ്രിൻസിപ്പൽമാർക്കും സംസ്ഥാനത്തെ മുഴുവൻ അധ്യാപക പരിശീലന സ്ഥാപനങ്ങളിലെ അധ്യാപകർക്കും പരിശീലനം ലഭിക്കും. പുതുക്കിയ പാഠപുസ്തകങ്ങളെ പരിചയപ്പെടുത്തുന്നതു കൂടാതെ ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ പരിശീലനവും മുഴുവൻ അധ്യാപകർക്കും നൽകും. അധ്യയന വർഷം ആരംഭിച്ചതിനു ശേഷവും ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ പരിശീലനം സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

അധ്യാപക സ്ഥലംമാറ്റം

സർക്കാർ സ്‌കൂളുകളിലെ ഹയർ സെക്കന്ററി അധ്യാപകരുടെ ഓൺലൈൻ സ്ഥലംമാറ്റം കൈറ്റിന്റെ മേൽനോട്ടത്തിൽ സമയബന്ധിതമായി നടക്കുന്നതായി മന്ത്രി അറിയിച്ചു. അപേക്ഷ ക്ഷണിച്ച് രണ്ട് ദിവസംകൊണ്ട് തന്നെ രണ്ടായിരം അപേക്ഷകൾ വന്നുകഴിഞ്ഞു. ഹയർ സെക്കന്ററി വിഭാഗത്തിന്റെ ചരിത്രത്തിലാദ്യമായി മെയ് മാസത്തോടെ ഈ പ്രക്രിയ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. അധ്യാപകർക്കുണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ പുതുതായി പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി,  ഹയർസെക്കന്ററി സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, കൈറ്റ് സി.ഇ.ഒ എന്നിവർ അംഗങ്ങളായ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.