സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെയും വിദ്യാർത്ഥികളുടെ അക്കാദമിക് ഇതര കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെയും ഭാഗമായി സമഗ്രമായ ആരോഗ്യ – കായിക വിദ്യാഭ്യാസ പരിപാടി വിദ്യാലയങ്ങളിൽ നടപ്പിലാക്കും. ഇതിന്റെ ആദ്യ പരിപാടിയായി തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മെഗാ സൂംബാ ഡിസ്പ്ലെ ഏപ്രിൽ 30 ന് വൈകിട്ട് 5 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കൂടിയാണിതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുമിച്ച് പങ്കെടുക്കുവാൻ കഴിയുന്ന കായിക പ്രവർത്തനങ്ങളായ സൂംബാ, ഏറോബിക്സ്, യോഗ തുടങ്ങിയ കലാ കായിക പ്രവർത്തനങ്ങൾ അടുത്ത അധ്യയന വർഷം മുതൽ നടപ്പിലാക്കും. വിദ്യാർത്ഥികളുടെ കലാകായിക പഠനങ്ങൾക്കുള്ള പിരീഡ് നിർബന്ധമായും അതിനുതന്നെ ഉപയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മെഗാ സൂംമ്പാ ഡാൻസിന്റെ ടി ഷർട്ട് മന്ത്രി വി ശിവൻകുട്ടി വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കും നൽകി പ്രകാശനം ചെയ്തു.ഡൽഹിയിൽ നടക്കുന്ന എൻ.സി.ഇ.ആർ.ടി യുടെ ജനറൽ കൗൺസിൽ യോഗത്തിൽ മന്ത്രിയും വിദ്യാഭാസ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നുംവിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കേണ്ടത് ഉൾപ്പടെയുള്ള കേരളത്തിന്റെ ആവശ്യങ്ങൾ മെയ് 2 ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാനെ നേരിട്ട് കണ്ട് അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉത്തർപ്രദേശ് ആസ്ഥാനമായ കേരളം ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻസ് എന്ന വ്യാജ സ്ഥാപനം ബിപിഇ കേരള എന്ന വ്യാജ വെബ്‌സൈറ്റിലൂടെ പരീക്ഷാ ഭവനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പുറത്തുവിടുന്നുണ്ടെന്നും ഇക്കാര്യം പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു.